ഇരുട്ടി വെളുത്തപ്പോഴേക്കും ശ്രീശാന്ത് വീണ്ടും കാലുമാറി

single-img
23 March 2019

താന്‍ ബിജെപി വിട്ടെന്നും അതുമായി യാതൊരു ബന്ധവുമില്ലെന്നുമുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. ഒത്തുകളി വിവാദത്തിലുണ്ടായിരുന്ന വിലക്ക് നീക്കാന്‍ ഏറെ സഹായങ്ങള്‍ ചെയ്തതിന് നന്ദി പറയാനാണ് താന്‍ ശശി തരൂരിനെ കണ്ടതെന്നും മറിച്ചൊന്നുമില്ലെന്നും ബിജെപിയോടുള്ള അനുഭാവം തുടരുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.

നേരത്തെ ബിജെപിയുമായി ഏത് തരത്തിലുള്ള ബന്ധമാണോ ഉണ്ടായിരുന്നത് ആ ബന്ധത്തില്‍ നിന്ന് ഒരു മാറ്റവും ഉണ്ടായിട്ടില്ല.
ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടുമില്ല. എവിടെ നിന്നും വിട്ടുപോയിട്ടുമില്ല. കേരളത്തില്‍ കായികരംഗത്ത് എന്ത് ചെയ്യാന്‍ സാധിക്കുമെന്നാണ് ഞാന്‍ നോക്കുന്നതെന്നും സജീവ രാഷ്ട്രീയത്തിലേക്ക് ഇപ്പോഴില്ലെന്നും ശ്രീശാന്ത് പറഞ്ഞു.

ഐ.പി.എല്‍ ഒത്തുകളി വിവാദത്തെതുടര്‍ന്ന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവാനന്ത വിലക്ക് സുപ്രീംകോടതി നീക്കിയതിന് പിന്നാലെ കഴിഞ്ഞ ദിവസം ശ്രീശാന്ത് ശശി തരൂര്‍ എം.പിയെ സന്ദര്‍ശിച്ചിരുന്നു. ശ്രീശാന്തിന് ക്രിക്കറ്റില്‍ നിന്നും വിലക്ക് നേരിട്ടപ്പോള്‍ തരൂര്‍ എം.പി ഇടപെട്ടിരുന്നു.

തനിക്ക് വേണ്ടി ഇടപെട്ട തരൂറിന് നന്ദി പറയാനാണ് ശ്രീശാന്ത് എത്തിയത്. ‘വ്യക്തിയെന്ന നിലയിലും എം.പിയെന്ന നിലയിലും തരൂരിനോട് ഏറെ ആദരവും ബഹുമാനവുമുണ്ട്’. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ ബി.ജെ.പി ബന്ധത്തെക്കുറിച്ചും തരൂര്‍ ആരാഞ്ഞു. എന്നാല്‍ ബി.ജെ.പിയുമായി തനിക്ക് ഇനി ബന്ധമുണ്ടാവില്ലെന്നും സജീവ രാഷ്ട്രീയത്തിലിറങ്ങാന്‍ ഉദ്ദേശമില്ലെന്നും ശ്രീശാന്ത് പറഞ്ഞതായാണ് വാര്‍ത്തകള്‍ വന്നത്.

തനിക്ക് ബി.സി.സി.ഐ വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ തന്റെ നിരപരാധിത്വം ബോധ്യപ്പെടുകയും വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചത് ശശിതരൂരാണ്. ക്രിക്കറ്റില്‍ നിന്നുള്ള വിലക്ക് നീക്കാനും അദ്ദേഹം ബി.സി.സി.ഐയോട് ആവശ്യപ്പെട്ടു-ശ്രീശാന്ത് പറഞ്ഞു. ഇനി പൂര്‍ണമായും കളിയില്‍ ശ്രദ്ധിക്കാനാണ് താല്‍പര്യമെന്നും ശ്രീശാന്ത് അറിയിച്ചു. വിലക്ക് നീക്കിയതിന് ശേഷം താന്‍ ആദ്യമായി കാണുന്നയാളാണ് തരൂരെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു.