വന്‍ ട്വിസ്റ്റ്: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും?; സിദ്ദിഖ് പിന്മാറും

single-img
23 March 2019

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയോട് കെ.പി.സി.സി ആവശ്യപ്പെട്ടു. ഇക്കാര്യം എ.ഐ.സി.സിയെ അറിയിച്ചു. ദക്ഷിണേന്ത്യയില്‍ നിന്ന് രാഹുല്‍ മത്സരിക്കുന്നത് പാര്‍ട്ടിക്കാകെ ഗുണം ചെയ്യുമെന്നും രാഹുല്‍ ഗാന്ധി ആവശ്യം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് ചെന്നിത്തലയും സ്ഥിരീകരിച്ചു. ഘടകകക്ഷികള്‍ക്ക് സമ്മതം. രാഹുല്‍ഗാന്ധിയുടെ മറുപടിക്കായി കാത്തിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം രാഹുല്‍ മത്സരിക്കുമെങ്കില്‍ താന്‍ പിന്‍മാറാന്‍ തയ്യാറാണെന്ന് ടി.സിദ്ധിഖ് പ്രതികരിച്ചു.

രാഹുല്‍ ഗാന്ധിയെ കേരളത്തില്‍ മത്സരിക്കാന്‍ ക്ഷണിച്ച് കോണ്‍ഗ്രസ് നേതാക്കളായ വി.ടി ബല്‍റാമും കെ.എം. ഷാജിയും നേരത്തെ രംഗത്തെത്തിയിരുന്നു.. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്നും അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തുമെന്നുമായിരുന്നു വി.ടി ബല്‍റാം പറഞ്ഞത്.

രാഹുല്‍ മുന്നോട്ടു വെക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാന്‍ എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്റെ മണ്ണാണെന്നും വി.ടി ബല്‍റാം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വി.ടിയുടെ അഭിപ്രായത്തെ പിന്തുണച്ച് കെ.എം ഷാജിയും എത്തി. രാഹുല്‍ ഗാന്ധി കേരളത്തില്‍ തന്നെയാണ് മത്സരിക്കേണ്ടതെന്നും രാജ്യത്തെ ഫാഷിസ്റ്റുകള്‍ക്കെതിരെയുള്ള രാഷ്ട്രീയമായ പോരാട്ടത്തിന്റെ സര്‍വ്വസൈന്യാധിപന് കേരളമാണ് അനുയോജ്യമെന്നുമായിരുന്നു കെ.എം ഷാജിയുടെ വാക്കുകള്‍.