കോഴിക്കോട്ടെ ബി.ജെ.പി. സ്ഥാനാർഥി ജയിലിലേക്ക്; ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം സ്ഥാനാർഥി ഇല്ലാതെയാകും

single-img
23 March 2019

കോഴിക്കോട് മണ്ഡലത്തില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരിച്ചടി. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട എട്ട് കേസുകളില്‍ പ്രതിയായ ബി.ജെ.പി. സ്ഥാനാര്‍ഥി കെ.പി. പ്രകാശ്ബാബു പത്തനംതിട്ട കോടതിയില്‍ കീഴടങ്ങും. മാര്‍ച്ച് 25ന് കോടതിയില്‍ കീഴടങ്ങാന്‍ പ്രകാശ്ബാബു തീരുമാനിച്ചതായാണ് വിവരം.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സംഘടിപ്പിച്ച പ്രക്ഷോഭങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മുന്‍കൂര്‍ജാമ്യം ലഭിക്കാനായി പ്രകാശ്ബാബു ജില്ലാ കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം നിഷേധിച്ചിരുന്നു. ഇതിനുപിന്നാലെ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും തള്ളി.

ഇതേത്തുടര്‍ന്നാണ് കോടതിയില്‍ കീഴടങ്ങാന്‍ തീരുമാനിച്ചത്. ഇതോടെ ബിജെപിയും വെട്ടിലായി. പ്രകാശ്ബാബുവിന് ജാമ്യം ലഭിക്കും വരെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി ഇല്ലാതെയാകും.

അതേസമയം, ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കള്ളക്കേസുകളിലാണ് തന്നെ പ്രതിചേര്‍ത്തിരിക്കുന്നതെന്നും അതില്‍ അഭിമാനം മാത്രമേയുള്ളൂവെന്നും കെ.പി. പ്രകാശ്ബാബു പ്രതികരിച്ചു. കോടതിയില്‍ കീഴടങ്ങിയശേഷം നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.