പത്തനംതിട്ടയില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയാകുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാവ് ആര്?

single-img
23 March 2019

ബിജെപിയുടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥി പട്ടികയിലും പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയില്ല. അര്‍ധരാത്രിയാണ് 36 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തിറക്കിയത്. ഇതോടെ പത്തനംതിട്ടയെ ഒഴിവാക്കിയതിനെ ചൊല്ലിയുള്ള ആശയക്കുഴപ്പം തുടരുകയാണ്. ചില കോണ്‍ഗ്രസ് നേതാക്കളെ ബിജെപി പാളയത്തിലെത്തിച്ച് മത്സരിപ്പിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.

പ്രയാര്‍ ഗോപാലകൃഷ്ണനോ, പി ജെ കുര്യനോ മത്സരിച്ചേക്കുമെന്നും അഭ്യൂഹങ്ങള്‍ വന്നു. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ബിജെപി നിലപാടുകള്‍ക്കൊപ്പം നിന്ന പ്രയാര്‍ ബിജെപി പാളയത്തിലേക്ക് ചേക്കേറിയേക്കുമെന്നും പ്രചാരണങ്ങളുണ്ടായിരുന്നു.

എന്നാല്‍ താനിപ്പോഴും കോണ്‍ഗ്രസുകാരനാണെന്ന് ആവര്‍ത്തിക്കുകയാണ് പ്രയാര്‍. അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ലെന്നും ഏതറ്റം വരെ പോകുമെന്ന് നോക്കി പിന്നീട് പ്രതികരിക്കാമെന്നുമായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍ പറഞ്ഞത്.

മണ്ഡലത്തില്‍ മത്സരിക്കാന്‍ ബിജെപി നേതൃത്വം കോണ്‍ഗ്രസ് നേതാവുമായി നേരിട്ടിടപെട്ട് ചര്‍ച്ചകള്‍ തുടരുന്നതായാണ് വിവരം. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പത്തനംതിട്ടയില്‍ മത്സരിക്കാനെത്തുന്നതോടെ മണ്ഡലത്തില്‍ വലിയ നേട്ടം ഉണ്ടാക്കാമെന്ന വിലയിരുത്തലിലാണ് ബിജെപി. ശബരിമലയടക്കമുള്ള വിഷയങ്ങള്‍ പ്രതിഫലിക്കുന്ന മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരമുണ്ടായാല്‍ വിജയം ഉറപ്പിക്കാമെന്ന കണക്കു കൂട്ടലുമുണ്ട്.

ബി.ജെ.പി എ പ്ലസ് വിഭാഗത്തില്‍ പെടുത്തിയ സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. അതിനാല്‍ തന്നെ ഇവിടെ പാര്‍ട്ടി കേന്ദ്രനേതൃത്വം ശ്രദ്ധകൂടുതല്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ദേശീയതലത്തില്‍ യു.പിയില്‍ നിന്നടക്കം കഴിഞ്ഞ തവണ കിട്ടിയതുപോലെ സീറ്റുകള്‍ പാര്‍ട്ടി പ്രതീക്ഷിക്കുന്നില്ല.

അതിനാല്‍ ബംഗാള്‍, കേരളം, തമിഴ്‌നാട്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ലഭിക്കുന്ന ഓരോ സീറ്റിനും വലിയ വിലകല്‍പ്പിച്ചാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ശബരിമല സമരത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന പത്തനംതിട്ട കൈപ്പിടിയിലൊതാക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് ഒരുങ്ങിയത്.

എന്നാല്‍ തിരഞ്ഞെടുപ്പ് കേവലം ദിവസങ്ങള്‍ മാത്രം അവശേഷിക്കേ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ വരെ പൂര്‍ത്തിയാക്കുമ്പോഴും സ്ഥാനാര്‍ത്ഥിയാരെന്ന തിരിച്ചറിയാതെ കുഴങ്ങുകയാണ് അണികള്‍. പത്തനംതിട്ടയിലെ ഈ അമാന്തം സംസ്ഥാനത്തെ മൊത്തം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കുന്നുമുണ്ട്.

ശബരിമല സമരനായകനായ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന നിലപാടാണ് ആര്‍.എസ്.എസ് കൈക്കൊണ്ടത്. ആര്‍.എസ്.എസ് സമ്മര്‍ദ്ദത്തിന് പുറമേ ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായ്ക്ക് പ്രവര്‍ത്തകരില്‍ നിന്ന് സുരേന്ദ്രന് അനുകൂലമായി ഒട്ടേറെ സന്ദേശങ്ങളും പോയി.

ഇതേ തുടര്‍ന്ന് കേന്ദ്രം ശക്തമായി ഇടപെടുകയും സുരേന്ദ്രനെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്നുമാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അടുത്തവൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

പത്തനംതിട്ടയിലെ അനിശ്ചിതത്വത്തിന് പിന്നില്‍ തൃശ്ശൂരില്‍ ഇതുവരെ മനസ്സുതുറക്കാത്ത തുഷാറിന്റെ നിലപാടും കാരണമാണെന്ന് വിവരമുണ്ട്. തുഷാറിന് തൃശ്ശൂര്‍ വിട്ടുകൊടുക്കാന്‍ ബിജെപി തയ്യാറായിരുന്നു. വെള്ളാപ്പള്ളി അനുകൂലിച്ചിട്ടും ദില്ലിയില്‍ തുടരുന്ന തുഷാര്‍ മത്സരിക്കണമോ വേണ്ടയോ എന്ന അന്തിമതീരുമാനം അറിയിച്ചിട്ടില്ല.

ബിജെപി പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് ശേഷം തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാമെന്നാണ് ബിഡിജെഎസിന്റെ നിലപാട്. അതേസമയം തുഷാര്‍ ആദ്യം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കട്ടെയെന്നാണ് ബിജെപി പറയുന്നത്.

ഒരുപക്ഷെ തുഷാര്‍ അവസാന നിമിഷം പിന്മാറിയാല്‍ തൃശ്ശൂര്‍ സീറ്റ് ബിജെപി ഏറ്റെടുത്ത് സുരേന്ദ്രന് നല്‍കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ പത്തനംതിട്ടയില്‍ ശ്രീധരന്‍ പിള്ള തന്നെ സ്ഥാനാര്‍ത്ഥിയായേക്കാം.