മോദിയെ വിമര്‍ശിച്ചതിന് അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ ഗുരുതരാവസ്ഥയില്‍

single-img
23 March 2019

മണിപ്പൂര്‍ മുഖ്യമന്ത്രി ബിരെണ്‍ സിങ്ങിനെ മോദിയുടെ കളിപ്പാവയെന്ന് ഫെയ്‌സ്ബുക്ക് വീഡിയോയില്‍ വിമര്‍ശിച്ചതിനു ദേശ സുരക്ഷാ നിയമം ഉപയോഗിച്ചു ജയിലിലടച്ച മണിപ്പൂരി മാധ്യമപ്രവര്‍ത്തകന്‍ ഗുരുതരാവസ്ഥയില്‍. മാര്‍ച്ച് 20 നാണ് കിഷോറിനെ ജെഐഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കിഷോര്‍ചന്ദ്രയുടെ ആരോഗ്യനില വഷളായ കാര്യം അഭിഭാഷകനില്‍ നിന്നാണ് അറിഞ്ഞതെന്ന് കിഷോറിന്റെ ഭാര്യ രഞ്ജിത എലംങ്ബാം പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണെന്നും തന്നെയും തന്റെ സഹോദരനെയും കിഷോറിനെ കാണാന്‍ അനുവദിച്ചില്ലെന്നും അവര്‍ ആരോപിച്ചു.

ഇംഫാലിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ് ജെഐഎംഎസ് ആശുപത്രി. ക്രമാതീതമായി തൂക്കം കുറഞ്ഞിരിക്കുന്ന കിഷോറിന്റെ ഷുഗര്‍ലെവല്‍ വളരെ കൂടുതലാണെന്നും ഒരുനോക്കു കാണാന്‍ പോലും അനുവദിക്കുന്നില്ലെന്നും രഞ്ജിത പരാതിപ്പെടുന്നു.

കഴിഞ്ഞ നവംബറിലായിരുന്നു 39 വയസുകാരനായ മാധ്യമപ്രവര്‍ത്തകനെ ജയിലിലടച്ചത്. സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭംഗം വരുത്തുന്ന നടപടി ഉണ്ടാകാതിരിക്കാന്‍ ദേശ സുരക്ഷാ നിയമപ്രകാരമായിരുന്നു ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഒരു മാസത്തെ തടവിനു ശേഷം ദേശ സുരക്ഷാ നിയമപ്രകാരമുള്ള ഏറ്റവും കൂടിയ ശിക്ഷയായ ഒരു വര്‍ഷത്തെ തടവ് കിഷോര്‍ചന്ദ്രയ്ക്കു വിധിച്ചു. മണിപ്പൂരുമായി യാതൊരു ബന്ധവുമില്ലാത്ത രജപുത്ര റാണി ജാന്‍സിയിലെ ലക്ഷ്മിഭായിയുടെ ജന്മവാര്‍ഷിക പരിപാടി സംഘടിപ്പിച്ച ആര്‍എസ്എസിനേയും കിഷോര്‍ചന്ദ്ര വാങ്കേം വിമര്‍ശിച്ചിരുന്നു.