കേരളത്തില്‍ പത്ത് ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം

single-img
23 March 2019

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് കോഴിക്കോട്, കണ്ണൂര്‍ എന്നീജില്ലകളില്‍ താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 4 ഡിഗ്രി സെല്‍സ്യസ് വരെ ഉയരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന ചൊവ്വാഴ്ച വരെ പത്ത് ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

25, 26 തീയതികളില്‍ താപനില നാല് ഡിഗ്രി വരെ ഉയര്‍ന്നേക്കാം. പാലക്കാട് 39ഉം പുനലൂരില്‍ 38ഉം ഡിഗ്രി സെല്‍സ്യസ് ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ തന്നെ അനുഭവവേദ്യമാകുന്ന ചൂട് പലയിടത്തും 40 ഡിഗ്രിയിലേക്ക് ഉയര്‍ന്നു കഴിഞ്ഞു. സൂര്യാഘാതവും നിര്‍ജലീകരണവും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ 11 മുതല്‍ മൂന്ന് മണിവരെ നേരിട്ട് വെയിലേല്‍ക്കുന്നത് കഴിവതും ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.

തൊഴില്‍വകുപ്പ് പുറം ജോലിചെയ്യുന്നവരുടെ ജോലിസമയത്തില്‍ വരുത്തിയ മാറ്റങ്ങള്‍ കര്‍ശനമായി പാലിക്കണം. പരീക്ഷ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുടിവെള്ളം, ഫാന്‍ എന്നിവ ഉറപ്പാക്കണം. പകല്‍സമയത്ത് കുട്ടികളെ തുറസ്സായ സ്ഥലങ്ങളില്‍ പോകാന്‍ അനുവദിക്കരുത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും സൂര്യാഘാത മുന്നറിയിപ്പ് ഗൗരവമായി എടുക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.