കണ്ണന്താനത്തിന് പറ്റിയത് ഭീമാബദ്ധം: ആദ്യ ദിവസം പ്രചരണത്തിനിറങ്ങിയപ്പോൾ തന്നെ മണ്ഡലം മാറിപ്പോയി

single-img
23 March 2019

എറണാകുളം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനത്തിന് ആദ്യ ദിവസം പ്രചരണത്തിനിറങ്ങിയപ്പോൾ തന്നെ മണ്ഡലം മാറിപ്പോയി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും നാടകീയമായി കെഎസ്ആർടിസി ബസിൽ കയറി എറണാകുളത്തേക്ക്  യാത്ര തിരിച്ച കണ്ണന്താനം അബദ്ധത്തിൽ ആദ്യം വോട്ട് ചോദിച്ചിറങ്ങിയത് ചാലക്കുടി മണ്ഡലത്തിലായിരുന്നു.

ഡൽഹിയിൽ നിന്ന് കൊച്ചിയിൽ പറന്നിറങ്ങിയ കണ്ണന്താനത്തിന് ഉജ്വല വരവേൽപാണ് എറണാകുളത്തെ ബിജെപിക്കാർ നൽകിയത്. പ്രചാരണം തുടങ്ങാൻ വൈകിയെങ്കിലും വിജയിക്കുമെന്ന കാര്യത്തിൽ കണ്ണന്താനത്തിന് സംശയമില്ല. വിമാനത്താവളത്തിന് പുറത്തിറങ്ങിയ പാടെ വോട്ട് അഭ്യർഥനയും ആരംഭിച്ചു. ആദ്യം വോട്ട് ചോദിച്ചത് വിമാനത്താവളത്തിൽ ജോലിക്ക് വന്ന അന്യസംസ്ഥാന തൊഴിലാളികളോടും.

വിമാനത്താവളത്തിൽ നിന്നും കെഎസ്ആർടിസി ബസിലായിരുന്നു മണ്ഡലത്തിലേക്കുള്ള യാത്ര. പക്ഷെ ബസിറങ്ങിയപ്പോൾ മണ്ഡലം മാറിപ്പോയി. എറണാകുളം മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ കണ്ണന്താനം ആലുവ പറവൂർ കവലയിൽ വന്നിറങ്ങി ചാലക്കുടി മണ്ഡളത്തിലെ വോട്ടർമാരോടാണ് ആദ്യം വോട്ട് തേടിയത്. അമളി പറ്റിയെന്നും മണ്ഡലം മാറിപ്പോയെന്നും പ്രവർത്തകരറിയച്ചതോടെ ബസ് യാത്ര അവസാനിപ്പിച്ച കണ്ണന്താനം സ്വന്തം വാഹനത്തിൽ കയറി.

പ്രചരണത്തിനിറങ്ങിയ മണ്ഡലം മാറിപ്പോയെങ്കിലും എറണാകുളം മണ്ഡലത്തിൽ നിന്നും ലോക്സഭയിലെത്തുന്നത് താനായിരിക്കുമെന്ന് അവകാശപ്പെട്ടാണ് അൽഫോൺസ് കണ്ണന്താനം മടങ്ങിയത്. മണ്ഡലത്തിലെ വിവിധയിടങ്ങളിൽ പ്രവർത്തകരൊരുക്കിയ സ്വീകരണം ഏറ്റുവാങ്ങിയ ശേഷമാണ് അൽഫോൺസ് കണ്ണന്താനം അദ്യ ദിനം പ്രചരണം അവസാനിപ്പിച്ചത്.