സിറിയയില്‍ ഐഎസ് തീർന്നു; ഐഎസ് അധീനതയിലുണ്ടായിരുന്ന അവസാന പ്രദേശവും പിടിച്ചെടുത്തു

single-img
23 March 2019

സിറിയയില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് അധീനതയിലുണ്ടായിരുന്നു അവസാന പ്രദേശവും പിടിച്ചെടുത്തതായി സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ്. സിറിയയിൽ അമേരിക്കന്‍ പിന്തുണയോടെ പോരാടുന്ന സേനയാണ് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ്.

കിഴക്കന്‍ സിറിയയിലെ ബാഗൗസ് ഗ്രാമം പിടിച്ചെടുത്ത പോരാളികള്‍, രാജ്യത്തെ അവസാന ഐഎസ് കേന്ദ്രവും മോചിപ്പിച്ചതായി പ്രഖ്യാപിച്ചു. ബാഗൗസ് പൂര്‍ണമായും മോചിതമായെന്നും ഇസ്‌ലാമിക് സ്റ്റേറ്റിന് എതിരായ പോരാട്ടം വിജയം കണ്ടുവെന്നും സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ്  വക്താവ് വ്യക്തമാക്കി.

സിറിയയിലും ഇറാഖിലും പടര്‍ന്നുകിടന്ന ഐഎസിന്റെ സ്വയംപ്രഖ്യാപിത സാമ്രാജ്യം മോചിതമായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാലര വര്‍ഷമായി തുടര്‍ന്നുവരുന്ന യുദ്ധത്തിനാണ് ഇതോടെ വിരാമമാകാന്‍ പോകുന്നത്.

സിറിയയിലും ഇറാഖിലും ഇപ്പോള്‍ ഐഎസിന്റെ അധീനതയിലുള്ള ഒരു പ്രദേശം പോലുമില്ല. പക്ഷേ രണ്ടു രാജ്യങ്ങളിലും ഭരണകൂടവും വിപ്ലവകാരികളും തമ്മില്‍ ഇപ്പോഴും പോരാട്ടം തുടരുകയാണ്.