‘പാകിസ്താനില്‍ പോയി ക്രിക്കറ്റ് കളിക്കൂ…’ ഗുരുഗ്രാമില്‍ മുസ്ലിം കുടുംബത്തിന് ക്രൂരമര്‍ദനം: വീഡിയോ പുറത്ത്

single-img
23 March 2019

മുസ്‌ലിം കുടുംബത്തിനു നേരെ ആള്‍ക്കൂട്ട ആക്രമണം. ഇവരുടെ വീടിനു നേര്‍ക്ക് അക്രമിസംഘം കല്ലെറിയുകയും ചെയ്തു. ഹോളി ദിവസമായ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ക്രിക്കറ്റ് കളിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാഗ്വാദമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ നടന്നത് ആസൂത്രിതമായ ആക്രമണമായിരുന്നെന്നാണ് കുടുംബം പറയുന്നത്. നാല്‍പ്പതിലധികം പേരടങ്ങിയ സംഘമാണ് കുടുംബത്തിനും വീടിനും നേരെ ആക്രമണം നടത്തിയത്.

ഉത്തര്‍പ്രദേശില്‍ നിന്നും മൂന്ന് വര്‍ഷം മുമ്പ് ഗുരുഗ്രാമിലേക്ക് താമസം മാറിയ മുഹമ്മദ് സാജിദിന്റെ കുടുംബത്തിന് നേരെയായിരുന്നു അക്രമം. ഇവരുടെ വീട്ടിലെത്തിയ അതിഥികള്‍ക്കൊപ്പം കുട്ടികള്‍ സമീപത്തെ മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു. ഇതിനിടെ രണ്ട് പേര്‍ ബൈക്കില്‍ വന്ന് ‘നിങ്ങളെന്താണ് ചെയ്യുന്നത്? പാകിസ്താനില്‍ പോയി ക്രിക്കറ്റ് കളിക്കൂ’ എന്ന് പറഞ്ഞതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇത് മുഹമ്മദ് സാജിദ് ചോദ്യം ചെയ്തതോടെ ഭീഷണികളുമായി ഇവര്‍ മടങ്ങി.

പത്തുമിനുറ്റിന് ശേഷം തിരിച്ചെത്തിയ സംഘം ഇരുമ്പ് വടികളും ഹോക്കിസ്റ്റിക്കുകളും മറ്റും ഉപയോഗിച്ച് കുടുംബാംഗങ്ങളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ കുടുംബത്തിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മുകള്‍ നിലയിലെ ടെറസില്‍ ഒളിച്ച കുടുംബത്തിലെ ചിലര്‍ മൊബൈലില്‍ വീഡിയോ എടുക്കുകയും ഇത് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തതോടെയാണ് ക്രൂര മര്‍ദനം പുറത്തറിയുന്നത്. കുടുംബാംഗങ്ങളെ മര്‍ദിച്ച അക്രമിസംഘം സ്വര്‍ണ്ണവും 25,000 രൂപ പണവും അടക്കം വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ന്നു.

നിര്‍ത്തിയിട്ടിരുന്ന കാറുകളും വീടിന്റെ ജനലുകളും അക്രമിസംഘം തല്ലിതകര്‍ത്തു. എത്രയും പെട്ടെന്ന് വീട് ഒഴിഞ്ഞ് പോകണമെന്ന ഭീഷണിയും മുഴക്കിയാണ് സംഘം സ്ഥലം വിട്ടതെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ കുടുംബം വ്യക്തമാക്കുന്നു.