അണികളെ ആവേശത്തിലാക്കി കിംഗ് മേക്കര്‍ ഡികെ ശിവകുമാര്‍ ഇടുക്കിയിലേക്ക്; ഡീന്‍ കുര്യക്കോസിന്റെ പ്രചരണത്തിന് ചുക്കാന്‍ പിടിക്കും

single-img
23 March 2019

കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാരുണ്ടാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച മാസ്റ്റര്‍ ബ്രെയിനും മന്ത്രിയുമായ ഡികെ ശിവകുമാര്‍, ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ പ്രചരണ പരിപാടികള്‍ക്കായി എത്തുന്നു. തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും ഡികെ ഇടുക്കിയിലേക്ക് വരുന്നുണ്ടെന്ന വാര്‍ത്ത അണികളില്‍ വന്‍ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഡികെയുടെ പ്രചരണ തന്ത്രങ്ങള്‍ ഡീന്‍ കുര്യക്കോസിന് മുതല്‍ക്കൂട്ടാകുമെന്ന് നേതാക്കള്‍ പറയുന്നു.

കഴിഞ്ഞ തവണ അന്‍പതിനായിരത്തിലധികം വോട്ടിനാണ് ഡീന്‍ ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ഥി ജോയിസ് ജോര്‍ജിനോട് തോറ്റത്. പഴയ എതിരാളികള്‍ വീണ്ടും ഏറ്റുമുട്ടുമ്പോള്‍, ഇക്കുറി ഇടുക്കി ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് ഉറ്റുനോക്കുകയാണ് ഇടതുപക്ഷവും വലതുപക്ഷവും.

ഇതിനിടയിലാണ് ഡികെ ശിവകുമാര്‍ പ്രചരണത്തിനെത്തുന്നുവെന്ന വാര്‍ത്തയും വരുന്നത്. ഡികെ ശിവകുമാറിന്റെ സന്ദര്‍ശനം പാര്‍ട്ടിയുമായി അകന്നു നില്‍ക്കുന്ന നേതാക്കളെയും കൂടുതല്‍ യുവാക്കളയും ആകര്‍ഷിക്കാനാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ് ക്യാമ്പും.

അതേസമയം ഇടുക്കിയില്‍ യുവാക്കളുടെ കരുത്തിലാണ് ഇത്തവണ ഡീന്‍ കുര്യാക്കോസിന്റെ പോരാട്ടം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ക്രമം തയ്യാറാക്കുന്നതും തന്ത്രങ്ങള്‍ മെനയുന്നതും യുവാക്കളുടെ ബ്രിഗേഡാണ്. ഇടുക്കി മണ്ഡലത്തില്‍ ഡീന്‍ കുര്യക്കോസ് പ്രചാരണത്തിന് എത്തുന്നിടത്തെല്ലാം യുവാക്കളുടെ കൂട്ടവും ആവേശവുമാണ്.

സംസ്ഥാന അധ്യക്ഷന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമല്ല യൂത്ത് ലീഗ്, വിദ്യാര്‍ത്ഥി പ്രവര്‍ത്തകരും പ്രചാരണ രംഗത്ത് സജീവം. സാമൂഹ്യ മാധ്യമങ്ങളിലടക്കം നടത്തുന്ന കൃത്യമായ ഏകോപനത്തിലൂടെയാണ് പ്രവര്‍ത്തകരെ സംഘടിപ്പിക്കുന്നത്.

യുവാക്കള്‍ മുന്നിലുണ്ടെങ്കിലും ഉപദേശവും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി പ്രചാരണം നിയന്ത്രിക്കുന്നത് യുഡിഎഫിലെ മുതിര്‍ന്ന നേതാക്കളെന്ന് ഡീന്‍ പറയുന്നു. രാഹുല്‍ ബ്രിഗേഡ് സംസ്ഥാന മീഡിയ സെല്‍ മുഖേന ഓരോ ദിവസത്തെ പ്രചാരണവും വിലയിരുത്തുന്നുണ്ട്.

രാത്രിയിലെ അവലോകന യോഗത്തില്‍ അടുത്ത ദിവസത്തെ പ്രചാരണ ക്രമം നിശ്ചയിക്കും. പദ്ധതികള്‍ കൃത്യമായി നടപ്പാക്കിയാല്‍ അരലക്ഷം വോട്ടുകള്‍ക്ക് കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഇടുക്കി ഇത്തവണ തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

മേഖലയിലെ ആരാധനാലയങ്ങള്‍ സ്‌കൂളുകള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സന്ദര്‍ശനം നടത്തി. ആരാധനാലയങ്ങളില്‍ പുരോഹിതരുടെ അനുഗ്രഹം തേടിയെത്തിയ സ്ഥാനാര്‍ത്ഥിക്ക് നിറഞ്ഞ മനസോടെയാണ് സ്വീകരണം ലഭിച്ചത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തോല്‍വി നേരിടേണ്ടി വന്നെങ്കിലും ഇടുക്കിയിലെ ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ഓരോ സ്ഥലങ്ങളിലും ലഭിച്ച സ്വീകരണങ്ങള്‍.

ഡികെ ശിവകുമാര്‍ എന്ന കോണ്‍ഗ്രസിന്റെ രക്ഷകന്‍

കോണ്‍ഗ്രസ് പ്രതിസന്ധിയിലായ അവസരങ്ങളിലെല്ലാം ഒരു രക്ഷകനായി ഡികെ ശിവകുമാര്‍ അവതരിച്ചിട്ടുണ്ട്. ഇന്ന് ബിജെപി ഏറ്റവുമധികം ഭയക്കുന്ന ഒരു കോണ്‍ഗ്രസ് നേതാവുണ്ടെങ്കില്‍ അത് ഡികെ തന്നെയാണെന്ന് നിസംശയം പറയാം. കുതിരകച്ചവടത്തിന് കച്ചകെട്ടിയിറങ്ങിയ ബിജെപിയുടെ എല്ലാ കുതന്ത്രങ്ങളെയും ഡികെ ശിവകുമാര്‍ എന്ന ശതകോടീശ്വരന്റെ മുന്നില്‍ നിഷ്പ്രഭമാക്കുന്ന കാഴ്ച്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.

സിദ്ധാരാമയ്യ മന്ത്രിസഭയില്‍ ഊര്‍ജ്ജ മന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ പേര് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത് ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പിലാണ്. അന്ന് അഹമ്മദ് പട്ടേലിനെ തോല്‍പ്പിക്കാന്‍ ബിജെപി കോടികള്‍ ഒഴുക്കി, ഒരോ എംഎല്‍എമാരെയും ചാക്കിലാക്കാന്‍ മോഹനവാഗ്ദാനങ്ങള്‍ നല്‍കി. എന്നാല്‍ ഒരൊറ്റ രാത്രി കൊണ്ട് എല്ലാ എംഎല്‍എമാരെയും ബാംഗ്ലൂരിലെത്തിച്ച് ഡികെ എന്ന പൊളിറ്റിക്കല്‍ ഐക്കണ്‍ കോണ്‍ഗ്രസിന്റെ മാനം കാത്തു.

കര്‍ണ്ണാടകയില്‍ ഹോട്ടല്‍ ശൃംഖലകളും, ഖനികളുമടക്കം കോടിക്കണക്കിന് രൂപയുടെ ആസ്തിയാണ് ഡികെയ്ക്കുള്ളത്. മധ്യപ്രദേശില്‍ ആത്മഹത്യയുടെ വക്കില്‍ നിന്ന് കര്‍ഷക കുടുംബത്തെ 50,000 രൂപയുടെ ചെക്ക് നല്‍കി ഡികെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

ഡി.കെ. രാഷ്ട്രീയത്തില്‍ മത്സരിക്കാനിറങ്ങുന്നത് 1985ല്‍ ആണ്. അന്ന് സന്തനൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടുമ്പോള്‍ എതിരാളി മുന്‍പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ. ശക്തമായ പോരാട്ടത്തിനൊടുവില്‍ ഡി.കെ. തോറ്റു. എന്നാല്‍ ഗൗഡ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ രാജിവച്ചതോടെ ശിവകുമാര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് ജയിച്ചുകയറി. പിന്നീട് പിടിച്ചാല്‍ കിട്ടാതെ പറക്കുന്ന നേതാവായി വളരുന്നതാണ് കണ്ടത്.

1989ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വീണ്ടും ഗൗഡയ്‌ക്കെതിരേ മത്സരിച്ചു. ഇത്തവണയും തോല്‍വിയായിരുന്നു ഫലം. പക്ഷേ പാര്‍ട്ടിയില്‍ ശക്തനാകാന്‍ അദേഹത്തിനായി. 94ലെ തെരഞ്ഞെടുപ്പില്‍ എച്ച്.ഡി കുമാരസ്വാമിയോട് തോറ്റെങ്കിലും ബെംഗളൂരു മേഖലയില്‍ കുടുതല്‍ കരുത്തനാകാന്‍ ശിവകുമാറിനായി. 2013ല്‍ ഒരുലക്ഷത്തിലേറെ വോട്ടിന് കനകപുരയില്‍ നിന്ന് ജയിച്ച് മന്ത്രിയായി. സിദ്ധരാമയ്യ കഴിഞ്ഞാല്‍ കോണ്‍ഗ്രസിലെ രണ്ടാമനാണ് ശിവകുമാര്‍.