സിദ്ധീഖിന്റെ മൈലേജ് കൂട്ടാന്‍ ഉമ്മന്‍ ചാണ്ടി ഒരുക്കിയ തിരക്കഥയോ ?

single-img
23 March 2019

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുമെന്ന വാര്‍ത്തകള്‍ രാഷ്ട്രീയ കേരളം ഞെട്ടലോടെയാണ് കേട്ടത്. അനൗദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാവുകയും ടി.സിദ്ധീഖ് പ്രചാരണം ആരംഭിക്കുകയും ചെയ്ത ശേഷമാണ് അപ്രതീക്ഷിതമായി രാഹുലിന്റെ രംഗപ്രവേശനം.

തീര്‍ത്തും അപ്രതീക്ഷിതമായി വയനാട്ടില്‍ രാഹുല്‍ ഗാന്ധി വരുന്നെന്ന് അറിഞ്ഞതോടെ കേരളത്തിലെ കളമാകെ മാറി. കോണ്‍ഗ്രസിനകത്തെ തര്‍ക്കങ്ങളും ഗ്രൂപ്പ് വടംവലികളും സ്വിച്ചിട്ടപോലെ നിന്നതിന്റെ ആശ്വാസം ഒരു വശത്ത്. കേരളത്തിലെ ഇരുപതില്‍ ഇരുപതും മാത്രമല്ല കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലെയും പോണ്ടിച്ചേരിയിലേയുമൊക്കെ പരമാവധി സീറ്റകളിലും രാഹുല്‍ തരംഗം അനുകൂലമാകുമെന്ന പ്രതീക്ഷയും കോണ്‍ഗ്രസ് ക്യാമ്പില്‍ സജീവമായി.

എന്നാല്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുമെന്ന വാര്‍ത്തകള്‍ ആദ്യമായി കേരളത്തോട് പങ്കുവച്ചത് ഉമ്മന്‍ ചാണ്ടിയാണ് എന്നത് ചില നേതാക്കളില്‍ സംശയത്തിനിടയാക്കിയിട്ടുണ്ട്. വലിയ വടംവലിക്ക് ശേഷമാണ് വയനാട്ടില്‍ ഗ്രൂപ്പ് കളികള്‍ക്ക് ഒടുവില്‍ ഐ ഗ്രൂപ്പിനെ വെട്ടി ടി.സിദ്ദിഖിനായി ഉമ്മന്‍ ചാണ്ടി വയനാട് സ്വന്തമാക്കിയത്.

അതേ ഉമ്മന്‍ ചാണ്ടി തന്നെ ആ സീറ്റ് ഇപ്പോള്‍ രാഹുലിനായി വിട്ടുകൊടുക്കുന്നു. ഇനി ഞാനൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലെ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ മുന്നിലുണ്ടാകുമെന്ന് സിദ്ദിഖും വെളിപ്പെടുത്തുന്നു. ഇവരുടെ വാക്കുകള്‍ വരികള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍ ചില സംശയങ്ങള്‍ മണക്കുന്നുവെന്ന് ചില നേതാക്കള്‍ പറയുന്നു.

വാര്‍ത്തകള്‍ കാട്ടുതീ പോലെ പ്രചരിച്ചിട്ടും ദേശീയ നേതൃത്വത്തിന്റെ ഭാഗത്തുനിന്നും അനുകൂല സമീപനം ഉണ്ടാകാത്തതും നേതാക്കളില്‍ സംശയം ബലപ്പെടുത്തി. ഒരുപക്ഷേ രാഹുല്‍ വയനാട്ടില്‍ മത്സരിച്ചാല്‍, അമേഠിയിലും വയനാട്ടിലും വിജയിക്കുകയാണെങ്കില്‍ വയനാട് സീറ്റ് അദ്ദേഹം രാജി വയ്ക്കാനുള്ള സാധ്യത ഏറെയാണ്. അപ്പോള്‍ സീറ്റിനായി എ ഗ്രൂപ്പ് സജീവമാകും എന്നുറപ്പാണ്.

അങ്ങനെ വന്നാല്‍ ഇപ്പോള്‍ പിന്‍മാറിയ സിദ്ദിഖിന് തന്നെ സീറ്റ് കിട്ടിയേക്കും. ഇതോടെ ഐ ഗ്രൂപ്പിന്റെ അവകാശവാദവും ഇല്ലാതെയാകും. ഇതോടൊപ്പം പാര്‍ട്ടിയില്‍ തന്റെ ആധിപത്യം ഒന്നുകൂടി ഊട്ടിയുറപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിയുകയും ചെയ്യും.