‘സ്മൃതി ഇറാനിയെ ഭയന്ന് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നു’; പരിഹസിച്ച് ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും

single-img
23 March 2019

അമേഠി മണ്ഡലത്തില്‍ പരാജയം മുന്നില്‍ കണ്ടാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്ന് മത്സരിക്കുന്നതെന്ന് ബി.ജെ.പി നേതാക്കള്‍. ഇത് സ്മൃതി ഇറാനിയുടെ വിജയമാണെന്നും നേതാക്കള്‍ അവകാശപ്പെട്ടു.

അമേഠിയില്‍ സ്മൃതി ഇറാനിയാണ് രാഹുലിനെതിരെയുള്ള ബി.ജെ.പി സ്ഥാനാര്‍ഥി. അമേഠിയില്‍ പരാജയപ്പെടുമെന്ന് താന്‍ മാസങ്ങള്‍ക്ക് മുന്നേ പറഞ്ഞപ്പോള്‍ ‘കമ്മികളും കൊങ്ങികളും’ പരിഹസിച്ചെന്നും, എന്നാല്‍ ഇത് സത്യമായിരിക്കുകയാണെന്നുമാണ് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞത്.

രാഹുല്‍ സ്ഥാനാര്‍ഥിയാകുന്ന പക്ഷം ഇടതുമുന്നണി തങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുന്നതാണ് നല്ലതെന്നും സുരേന്ദ്രന്‍ പറയുന്നു. ഇതേ അഭിപ്രായം ശോഭാ സുരേന്ദ്രനും പങ്കുവെച്ചു. സ്മൃതി ഇറാനിക്ക് പിറന്നാളാംശംസക്കൊപ്പം വിജയാശംസയും നേര്‍ന്നിട്ടുണ്ട് ശോഭ.

അതേസമയം, വയനാട്ടില്‍ മത്സരിക്കണമെന്ന് രാഹുലിനോട് കെപിസിസി ആവശ്യപ്പെട്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയാണ് അറിയിച്ചത്. ഇക്കാര്യം രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചു. നിലവില്‍ വയനാട്ടില്‍ മത്സരിക്കാനിരിക്കുന്ന ടി. സിദ്ദിഖിനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയിട്ടുണ്ടെന്നും രാഹുലിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അനുകൂലതീരുമാനം പ്രതീക്ഷിക്കുന്നതായും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് കെ.പി.സി.സി തീരുമാനം എ.ഐ.സി.സിയെ അറിയിച്ചത്. രാഹുലിന്റെ തീരുമാനം ഇന്നു തന്നെയുണ്ടാകുമെന്നാണ് കരുതുന്നത്.

വയനാട്ടില്‍ രാഹുല്‍ മത്സരിക്കണമെന്ന് മുമ്പ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ എം എല്‍ എമാരായ വി ടി ബല്‍റാമും കെ എം ഷാജിയും ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ഗാന്ധി ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍നിന്ന് മത്സരിക്കണമെന്ന് കോണ്‍ഗ്രസില്‍ നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠി കൂടാതെ കേരളം, തമിഴ്‌നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലൊരു മണ്ഡലത്തില്‍ മത്സരിക്കണമെന്നായിരുന്നു ആവശ്യമുയര്‍ന്നിരുന്നത്.

കര്‍ണാടകത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം കത്ത് നല്‍കിയിരുന്നു. ബംഗളൂരു സെന്‍ട്രല്‍, ബിദര്‍, മൈസൂരു എന്നിവയില്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍നിന്ന് മത്സരിക്കണമെന്നായിരുന്നു ആവശ്യം. ഇന്ദിരാഗാന്ധിയും സോണിയാഗാന്ധിയും കര്‍ണാടകത്തില്‍ മത്സരിച്ചിട്ടുണ്ട്. ഈ മാതൃക രാഹുല്‍ഗാന്ധിയും പിന്തുടരണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെട്ടത്.

കര്‍ണാടകം കൂടാതെ തമിഴ്‌നാടും സമാന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. കന്യാകുമാരി, ശിവഗംഗ എന്നീ മണ്ഡലങ്ങളാണ് തമിഴ്‌നാട്ടില്‍നിന്ന് രാഹുല്‍ ഗാന്ധിക്കായി ഉയര്‍ത്തിക്കാട്ടിയത്. നിലവില്‍ ഉത്തര്‍പ്രദേശിലെ അമേഠിയില്‍നിന്നുള്ള എം പിയാണ് രാഹുല്‍. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെയാണ് രാഹുലിനെതിരെ ബി ജെ പി രംഗത്തിറക്കുന്നത്. 2014ലും സ്മൃതി തന്നെയായിരുന്നു രാഹുലിന്റെ എതിരാളി.