പ്രമുഖ കോണ്‍ഗ്രസ് നേതാവ് പത്തനംതിട്ടയില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന

single-img
22 March 2019

ബി.ജെ.പി.യുടെ സ്ഥാനാർഥിപ്പട്ടിക നിർണയവും പ്രഖ്യാപനവും വൈകിച്ചത് പത്തനംതിട്ട മണ്ഡലത്തെച്ചൊല്ലിയുള്ള തർക്കമായിരുന്നു. പട്ടിക പ്രഖ്യാപനത്തെക്കുറിച്ചുള്ള ആകാംക്ഷയിലായിരുന്നു കേരളത്തിലെ ബി.ജെ.പി. പ്രവർത്തകർ. സ്ഥാനാർഥിനിർണയം എളുപ്പം പൂർത്തിയാക്കുകയാണ് പതിവുരീതി. എന്നാൽ, ഇക്കുറി തീരുമാനം നീണ്ടു.

പട്ടിക വന്നപ്പോൾ പത്തനംതിട്ട മണ്ഡലത്തില്‍ മാത്രം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ല. ശബരിമല ഉൾപ്പെടുന്ന ഈ മണ്ഡലത്തിൽ സംസ്ഥാനാധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ. സുരേന്ദ്രൻ, എം.ടി. രമേശ് എന്നിവരുടെ പേരുകളാണ് തുടക്കംമുതൽ കേട്ടത്.

ഡൽഹിയിൽനടന്ന ചർച്ചയിൽ കേന്ദ്രനേതൃത്വത്തിന്റെ നിർദേശപ്രകാരം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ പേരും ഉൾപ്പെടുത്തി. തർക്കം ഉയർന്ന സാഹചര്യത്തിൽ ആർ.എസ്.എസും ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത് ഷായും ഇടപെട്ടു. തർക്കം പരിഹരിച്ചെന്നും കെ.സുരേന്ദ്രന് പത്തനംതിട്ട നൽകുമെന്നുമുള്ള ശക്തമായ സൂചനയാണ് പുറത്തുവന്നത്.

എന്നാൽ പത്തനംതിട്ട മണ്ഡലത്തിൽ പ്രമുഖ കോൺഗ്രസ് നേതാവ് മത്സരിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറാകാത്ത സംസ്ഥാന നേതാക്കൾ കോൺഗ്രസിൽ നിന്നും രാജ്യവ്യാപകമായി നേതാക്കൾ ബി.ജെ.പിയിലേക്ക് വരുന്നുണ്ടെന്ന് വ്യക്തമാക്കി.

ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള രണ്ട് ദേശീയ നേതാക്കളുമായി ബി.ജെ.പി.കേന്ദ്ര നേതൃത്വം ചർച്ചകൾ നടത്തിയിട്ടുണ്ട്. ഇതിലൊരാൾ അർഥസമ്മതം മൂളിയിട്ടുണ്ടെന്നാണ് വിവരം.

ചർച്ചയുടെ വിശദാംശങ്ങൾ തങ്ങൾക്ക് അറിയില്ലെന്നാണ് ബി.ജെ.പി.സംസ്ഥാന നേതാക്കൾപറയുന്നത്. സർപ്രൈസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ് ദേശീയ നേതൃത്വത്തെ ഞെട്ടിക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. പത്തനംതിട്ടയ്ക്ക് പരിചിതനായ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള നേതാവാകുമ്പോൾ ത്രികോണ മത്സരത്തിൽ ജയിച്ചു വരുമെന്നാണ് നേതൃത്യത്തിന്റെ പ്രതീക്ഷ.