നിപ വൈറസ്; ത്രിപുരയിലും ബംഗാളിലും ജാഗ്രതാ നിര്‍ദ്ദേശം

single-img
22 March 2019

ബംഗ്ലാദേശില്‍ നിപ വൈറസ് ബാധയെ തുടര്‍ന്ന് 5 പേര്‍ മരിച്ച സാഹചര്യത്തില്‍ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. പശ്ചിമബംഗാളിലും ത്രിപുരയിലും സംസ്ഥാന ആരോഗ്യവകുപ്പുകള്‍ ‘നിപ’ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

ബംഗ്ലാദേശിലെ അതിര്‍ത്തി ജില്ലയായ ബലിയഗംഗിയിലാണ് അഞ്ചു പേര്‍ നിപ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. കഴിഞ്ഞ മാസമാണ് പനി ബാധയെ തുടര്‍ന്ന് ഇവര്‍ മരിച്ചത്. എന്നാല്‍ വിശദമായ പരിശോധനയില്‍ മരണം നിപ ബാധയെ തുടര്‍ന്നാണെന്ന് കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് ബംഗ്ലാദേശിനോട് അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എല്ലാ ജില്ലകളിലും പ്രതിരോധ നടപടികള്‍ കൈക്കൊള്ളണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ത്രിപുര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വവ്വാലുകള്‍ വഴിയാണ് നിപ വൈറസ് രോഗം മനുഷ്യരിലേക്ക് പകരുക. പുറത്തുനിന്നുള്ള പഴവര്‍ഗങ്ങള്‍ കഴിക്കുന്നതും മൃഗങ്ങളും പക്ഷികളുമായി ഇടപഴകുന്നതും നിയന്ത്രിക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദ്ദേശമുണ്ട്.