ലാൽ കൃഷ്ണ അദ്വാനി; അന്ന് ബിജെപിയുടെ ഉരുക്കുമനുഷ്യൻ: ഇന്ന് മത്സരിക്കാൻ മണ്ഡലം പോലുമില്ലാതെ രാഷ്ട്രീയവിസ്മൃതിയിലേക്ക്

single-img
22 March 2019

പതിനഞ്ചാം വയസ്സിൽ ആർഎസ്എസ് പ്രവർത്തകനായി പൊതുരംഗത്തിറങ്ങി ബിജെപിയുടെ വളർച്ചയ്ക്കൊപ്പം ചരിത്രത്താളുകളിൽ സ്ഥാനം പിടിച്ച ലാൽകൃഷ്ണ അദ്വാനിക്ക് തൊണ്ണൂറ്റി ഒന്നാം വയസ്സിൽ നിർബന്ധിത വിരമിക്കൽ.  സ്വപ്നമായിരുന്നുവെങ്കിലും തൻറെ ശിഷ്യനു വേണ്ടി വഴിമാറിയ പ്രധാനമന്ത്രിസ്ഥാനം പോലെ ഇനി ലോക്സഭാ സീറ്റും. അധ്വാനി ഒഴിഞ്ഞ ഗാന്ധി നഗർ മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനും ബിജെപിയുടെ സൂത്രധാരനുമായ  ദേശീയ അധ്യക്ഷൻ അമിത് ഷാ മത്സരിക്കും.

1998 മുതൽ തുടർച്ചയായി അഞ്ചുവട്ടമാണ് ഗാന്ധിനഗർ മണ്ഡലത്തിൽനിന്നും എൽ കെ അദ്വാനി തെരഞ്ഞെടുക്കപ്പെടുന്നത്. ദീർഘകാലം പാർലമെന്റിലും ദേശീയരാഷ്ട്രീയത്തിലും ബിജെപിയുടെ മേൽവിലാസം  എന്താണെന്നു ചോദിച്ചാൽ പറയാൻ ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. എ.ബി. വാജ്‌പേയിയും എൽ.കെ. അദ്വാനിയും. ശക്തരായ ഈ രണ്ടു നേതാക്കളുടെ ബലത്തിലായിരുന്നു ബിജെപി. അറിയപ്പെട്ടിരുന്നതു തന്നെ.

പിൽക്കാലത്ത് വാജ്‌പേയി പ്രധാനമന്ത്രിയായപ്പോൾ അദ്വാനി ഉപപ്രധാനമന്ത്രി. എന്നാൽ പ്രധാനമന്ത്രി പദം അദ്വാനിയുടെ അടുത്തെത്തിയപ്പോൾ പഴയ ശിഷ്യനു വേണ്ടി വഴിമാറി കൊടുക്കേണ്ടിവന്നതും ചരിത്രം.  വാജ്‌പേയി മരണത്തിൽ മറഞ്ഞപ്പോൾ മത്സരിക്കാൻ മണ്ഡലം പോലുമില്ലാതെ രാഷ്ട്രീയവിസ്മൃതിയിലേക്കുപോകുവാനായിരുന്നു അദ്വാനിയുടെ യോഗം.

അദ്വാനിയുടെ വിശ്വസ്ത ശിഷ്യനായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാൽ, മോദിയും അമിത്ഷായും ബി.ജെ.പി.യുടെ കടിഞ്ഞാൺ കൈയിലെടുത്തതോടെ അദ്വാനിയുഗത്തിന്  തിരശ്ശീല വീണു. ഒരിക്കൽ ബിജെപിയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെട്ടിരുന്ന വ്യക്തി ഒന്നുമല്ലാതാകുന്ന അവസ്ഥ. കഴിഞ്ഞ അഞ്ച് വർഷവും ലോക്‌സഭയിൽ നിശബ്ദസാക്ഷിയായിരുന്നു അദ്വാനി. ഒരിക്കൽ പോലും സഭയിൽ സംസാരിക്കാനായിട്ടില്ല എന്നുള്ളതാണ് സത്യം. എങ്കിലും എല്ലാ ദിവസവും സഭയിലെത്തിയ ഏക വ്യക്തിയും അദ്ദേഹമായിരുന്നു.