ചോദ്യങ്ങള്‍ക്ക് മുന്നില്‍ കുഴഞ്ഞ് നേതാക്കള്‍: ബിജെപി സംസ്ഥാന നേതൃത്വം വീണ്ടും വെട്ടിലായി

single-img
22 March 2019

പത്തനംതിട്ടയില്‍ മാത്രം സ്ഥാനാര്‍ഥി പ്രഖ്യാപനം മാറ്റിവെച്ചതോടെ ബിജെപി സംസ്ഥാന നേതൃത്വം വീണ്ടും വെട്ടിലായി. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ ഒളിച്ചോടുകയാണ് ബിജെപി നേതാക്കള്‍. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ആകാത്തതിനാലാണ് പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതെന്നാണ് നേതൃത്വം നല്‍കുന്ന വിശദീകരണം.

അതിനിടെ, പത്തനംതിട്ട മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ അതൃപ്തിയുമായി മുരളീധരപക്ഷം രംഗത്തെത്തി. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് ജയസാധ്യതയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇത് പരാതിയായി കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടില്ല.

ഒറ്റപ്പേര് മാത്രമാണ് പത്തനംതിട്ടയില്‍ സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചതെന്നും തര്‍ക്കങ്ങളില്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞിരുന്നു. കെ.സുരേന്ദ്രന്റെ പേരാണ് സംസ്ഥാന നേതൃത്വം ഒടുവില്‍ പറഞ്ഞ ഒറ്റപ്പേരെന്ന് ഉറപ്പ്. ശ്രീധരന്‍പിള്ള ഒഴിഞ്ഞ് കൊടുത്തതും ആ ഒറ്റ പേരില്‍ സമ്മതം മൂളി തന്നെയാണ്. ആര്‍.എസ്.എസ്സിന്റെ ആശീര്‍വാദവും സുരേന്ദ്രനുണ്ട് എന്നിട്ടും അമിത് ഷാ പ്രഖ്യാപനം മാറ്റി വെച്ചതിന്റെ കാര്യകാരണമാണ് കേരളത്തിലെ നേതാക്കള്‍ക്കറിയാത്തത്.

തൃശ്ശൂരില്‍ തുഷാര്‍ മത്സരിക്കുകയാണെങ്കില്‍ പത്തനംതിട്ട സീറ്റ് സുരേന്ദ്രന് നല്‍കാനും അല്ലാത്തപക്ഷം സുരേന്ദ്രന് തൃശ്ശൂര്‍ സീറ്റ് നല്‍കാനുമാണ് ബി ജെ പി നേതൃത്വം ആലോചിക്കുന്നത്. അതിനാല്‍ തന്നെ തുഷാര്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ആയതിനു ശേഷം മാത്രമേ പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകാന്‍ സാധ്യതയുള്ളു.

അതേസമയം, ശ്രീധരന്‍പിള്ള തന്നെ രംഗത്തിറങ്ങണമെന്ന് കേന്ദ്രം നിഷ്‌കര്‍ഷിച്ചാല്‍ എം.ടി രമേശിനൊപ്പം കെ.സുരേന്ദ്രനും തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിയ്ക്കാന്‍ മാറി നില്‍ക്കേണ്ടി വരും. പക്ഷെ തീരുമാനം അതാണെങ്കില്‍ പ്രവര്‍ത്തകരില്‍ വലിയ തോതില്‍ പ്രതിഷേധവും അമര്‍ഷവും ഉണ്ടാകുമെന്നുറപ്പ്.