നഴ്‌സുമാര്‍ പ്രസവമെടുത്തു; തല ഉടലില്‍നിന്നു വേര്‍പ്പെട്ടു നവജാതശിശു മരിച്ചു • ഇ വാർത്ത | evartha
National

നഴ്‌സുമാര്‍ പ്രസവമെടുത്തു; തല ഉടലില്‍നിന്നു വേര്‍പ്പെട്ടു നവജാതശിശു മരിച്ചു

തമിഴ്‌നാട്ടിലെ കാഞ്ചിപുരം ജില്ലയിലെ കൂവത്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പ്രദേശവാസിയായ യുവതിയെ പ്രസവവേദനയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഡോക്ടര്‍ സ്ഥലത്ത് ഇല്ലായിരുന്നു.

പ്രസവ വേദന കലശലായതോടെ നഴ്‌സുമാര്‍ തന്നെ പ്രസവമെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. കുട്ടിയെ പുറത്തെടുക്കാനുള്ള നഴ്‌സുമാരുടെ ശ്രമത്തിനിടെയാണു നവജാതശിശുവിന്റെ തല വേര്‍പെട്ടത്. ശിശുവിന്റെ മൃതദേഹം പുറത്തെടുത്തു മാതാവിനെ ഉടന്‍തന്നെ ചെങ്കല്‍പെട്ടിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു.

ഇവര്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്. നഴ്‌സുമാര്‍ സ്ത്രീയെ മറ്റൊരു ആശുപത്രിയിലേയ്ക്കു മാറ്റാന്‍ ബന്ധുക്കളോടു നിര്‍ദേശിച്ചിരുന്നെങ്കിലും മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാലാണു പ്രസവമെടുക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് തമിഴ്‌നാട് പൊതു ആരോഗ്യ ഡയറക്ടര്‍ ഡോ: സെന്തില്‍ കുമാര്‍ അറിയിച്ചു.

ഒന്നര കിലോ മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം. അപകടകരമായ സാഹചര്യത്തില്‍ സ്വഭാവിക പ്രസവത്തിലേയ്ക്കു സ്ത്രീയെ തളളിവിട്ടതാണു ദുരന്തത്തില്‍ കലാശിച്ചതെന്നു സ്ത്രീയുടെ ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ആശുപത്രിയുടെ മുന്നിലും വന്‍ പ്രതിഷേധമുണ്ടായി.