`ഒരു മോദി അറസ്റ്റിൽ´: ചർച്ചയായി ഇന്നത്തെ വീക്ഷണം തലക്കെട്ട്

single-img
21 March 2019

സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴി വച്ച് കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിൽ  പ്രധാന തലക്കെട്ട്. സാമ്പത്തിക കുറ്റവാളിയും രാജ്യം വിട്ട ഇന്ത്യക്കാരനുമായ നീരവ് മോദി ലണ്ടനില്‍ അറസ്റ്റിലായതിനെ തുടർന്നു നൽകിയ വാർത്തയാണ് ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്നത്. `ഒരു മോദി അറസ്റ്റിൽ`  എന്ന തലക്കെട്ടാണ് വീക്ഷണം ദിനപത്രം പ്രസ്തുത വാർത്തയ്ക്ക് നൽകിയിരിക്കുന്നത്.

തലക്കെട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഭാഗമായിട്ടാണ് വീക്ഷണം ദിനപത്രം ഇത്തരത്തിൽ തലക്കെട്ട് നൽകിയിരിക്കുന്നതെന്ന് ആരോപണവും ഉയരുന്നുണ്ട്.  എന്നാൽ ഭൂരിഭാഗവും വ്യത്യസ്തമായ തലക്കെട്ട് എന്ന രീതിയിലാണ് ഇതിനെ കാണുന്നത്. ദേശീയ മാധ്യമങ്ങൾ പരീക്ഷിച്ചു വിജയിച്ച രീതിയിലാണ് വീക്ഷണവും ഇപ്രാവശ്യം വാർത്തയ്ക്ക് തലക്കെട്ട് നൽകിയിരിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

പ്രമുഖ വജ്ര വ്യാപാരിയും പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസിലെ പ്രതിയുമായ നീരവ് മോദി കഴിഞ്ഞ ദിവസമാണ് ലണ്ടനില്‍ അറസ്റ്റിലായത്.  രാജ്യം വിട്ട് പതിനേഴ് മാസത്തിന് ശേഷമാണ് നീരവ് മോദി അറസ്റ്റിലാവുന്നത്. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥനയിലാണ് നടപടി.കഴിഞ്ഞ ദിവസം ലണ്ടന്‍ കോടതി നീരവ് മോദിയെ അറസ്റ്റ് ചെയ്യാന്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,346 കോടിയുടെ തട്ടിപ്പ് നടത്തിയാണ് നീരവ് മോദി ഇന്ത്യയില്‍ നിന്ന് മുങ്ങിയത്. നീരവ് മോദിയും ബന്ധുക്കളും ചേര്‍ന്ന് വ്യാജ ബാങ്ക് ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് തട്ടിപ്പുകേസില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രണ്ട് എഫ്‌ഐആറുകളാണ് നീരവ് മോദിക്കും ബന്ധുവായ മെഹുല്‍ ചോക്‌സിക്കും എതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.