ന്യൂസീലന്‍ഡ് ഭീകരാക്രമണത്തെ അനുകൂലിച്ച് പോസ്റ്റ്; പ്രവാസിയെ യുഎഇ ഭരണകൂടം നാടുകടത്തി

single-img
21 March 2019

ന്യൂസീലന്‍ഡിലെ പള്ളികളിലുണ്ടായ ഭീകരാക്രമണത്തെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ യുഎഇ ഭരണകൂടം നാടുകടത്തി. ട്രാന്‍സ്ഗാര്‍ഡ് ഗ്രൂപ്പില്‍ ജീവനക്കാരനായിരുന്ന ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടശേഷം കമ്പനി അധികൃതര്‍ നിയമനടപടികള്‍ക്കായി അധികൃതര്‍ക്ക് കൈമാറുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ നടപടിക്ക് വിധേയനായ ജീവനക്കാരന്റെ പേരോ ഇയാള്‍ കമ്പനിയില്‍ വഹിച്ചിരുന്ന പദവിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കമന്റിന്റെ വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല.

ന്യൂസീലന്‍ഡിലെ പള്ളികളിലുണ്ടായ ആക്രമണത്തില്‍ ജീവനക്കാരന്‍ സന്തോഷം പ്രകടിപ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് ശ്രദ്ധയില്‍ പെട്ടതോടെ കമ്പനി അധികൃതര്‍ ഇയാള്‍ക്കെതിരെ അന്വേഷണം തുടങ്ങി. ആരോപണ വിധേയനായ ജീവനക്കാരന്‍ മറ്റൊരു പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ഇട്ടെന്ന് കമ്പനി കണ്ടെത്തുകയായിരുന്നു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ശക്തമായ ശിക്ഷയാണ് യുഎഇ സൈബര്‍ നിയമപ്രകാരം ലഭിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി അധിക്ഷേപം നടത്തുന്നവര്‍ക്ക് ജയില്‍ ശിക്ഷയും 50,000 മുതല്‍ 30 ലക്ഷം വരെ ദിര്‍ഹം പിഴയും ലഭിക്കാവുന്ന തരത്തിലാണ് യുഎഇ നിയമം. അടുത്തിടെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍ മീഡിയ ദുരുപയോഗത്തിന്റെ പേരില്‍ യുഎഇയില്‍ നടപടി നേരിട്ടിരുന്നു.