പത്രവായനയ്ക്കിടെ ഹൃദയാഘാതം: എഐഎഡിഎംകെ എംഎൽഎ അന്തരിച്ചു

single-img
21 March 2019
R kanagaraj

ചെന്നൈ: പത്രവായനയ്ക്കിടെ ഹൃദയാഘാതം വന്നതിനെത്തുടർന്ന് എഐഎഡിഎംകെ എംഎൽഎ അന്തരിച്ചു. കോയമ്പത്തൂർ ജില്ലയിലെ സൊലൂർ നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആർ കനഗരാജ് ആണ് ഇന്ന് രാവിലെ സ്വവസതിയിൽ വെച്ച് അന്തരിച്ചത്. ഇദ്ദേഹത്തിന് 66 വയസ്സായിരുന്നു.


2016-ൽ നടന്ന തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന മനോഹരനെ 35000 വോട്ടിനു പരാജയപ്പെടുത്തിയാണ് കനഗരാജ് നിയമസഭയിലെത്തിയത്. കർഷകനായിരുന്ന കനഗരാജ് ആദ്യമായാണ് നിയമസഭയിലെത്തിയത്.

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അടക്കമുള്ള മന്ത്രിമാർ കനകരാജിന് ആദരാഞ്ജലികൾ അർപ്പിക്കുവാൻ കോയമ്പത്തൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

കനകരാജിന്റെ മരണത്തോടെ നിയമസഭയിലെ എഐഎഡിഎംകെ എംഎൽഎമാരുടെ എണ്ണം 113 ആയി കുറഞ്ഞിരിക്കുകയാണ്. കേവല ഭൂരിപക്ഷത്തിൽ നിന്നും അഞ്ച് സീറ്റ് കുറവാണിത്.

ഇതോടെ നിയമസഭയിലെ എംഎൽഎമാരുടെഒഴിവ് 22 ആയിരിക്കുകയാണ്. നേരത്തേ ഒഴിവുണ്ടായിരുന്ന 21 സീറ്റിൽ 18 സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ 18 ന് ലോക്സഭാ തെരഞ്ഞെടുപ്പിനോടൊപ്പം നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരിക്കുകയായിരുന്നു

എന്നാൽ മറ്റു മൂന്ന് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് കൂടി അതോടൊപ്പം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യപ്രതിപക്ഷ കക്ഷിയായ ഡിഎംകെ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.