സൗദിയില്‍ പ്രവാസി മലയാളികള്‍ക്ക് കനത്ത തിരിച്ചടി

single-img
21 March 2019

സൗദിയില്‍ സ്വകാര്യമേഖലയില്‍ ഇരുപതിനായിരത്തോളം അക്കൗണ്ടിംഗ് തസ്തികകള്‍ സ്വദേശിവത്കരിക്കും. രണ്ടായിരത്തി ഇരുപത്തി രണ്ടോടെ പൂര്‍ത്തിയാകും വിധം ഘട്ടം ഘട്ടമായാണ് പദ്ധതി. ഇതിനുള്ള ധാരണാ പത്രത്തില്‍ സൗദി തൊഴില്‍ മന്ത്രാലയവും സൗദി അക്കൗണ്ടന്റ് ഓര്‍ഗനൈസേഷനും ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ഫണ്ടും ഒപ്പ് വെച്ചു.

ധാരണ പ്രകാരം അക്കൗണ്ടിംഗ് ഓഡിറ്റിംഗ് മേഖലയില്‍ സ്വദേശികളെ കൂടുതല്‍ നിയമിക്കുന്നതിനു തൊഴിലുടമകള്‍ നിര്‍ബന്ധിതരാകും. പുതിയ പദ്ധതി പ്രകാരം ഈ മേഖലയില്‍ തൊഴിലെടുക്കുന്ന വിദേശികളുടെ ഇഖാമ പുതുക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളാണ് കൊണ്ടുവരിക.

സൗദി അക്കൗണ്ടിംഗ് ഓര്‍ഗനൈസേഷനില്‍ അക്കൗണ്ടിംഗ് പ്രഫഷന്‍ ഇഖാമകളുള്ളവര്‍ രജിസ്റ്റര്‍ ചെയ്യുകയും അക്കൗണ്ടിംഗ് ഓര്‍ഗനൈസേഷന്റെ അപ്രൂവല്‍ കിട്ടിയാല്‍ മാത്രം വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കാന്‍ സാധിക്കുകയും ചെയ്യുന്ന സംവിധാനമായിരിക്കും നടപ്പാക്കുക എന്നാണു റിപ്പോര്‍ട്ടുകള്‍.

നിലവില്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കിയാലേ വിദേശികളുടെ ഇഖാമ പുതുക്കാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ഇഖാമ പുതുക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടി വരും. ജനറല്‍ അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ്, ഓഡിറ്റര്‍, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍, ഇന്റേണല്‍ ഓഡിറ്റര്‍, ഫിനാന്‍ഷ്യല്‍ ഓഡിറ്റ് സൂപര്‍വൈസര്‍ എന്നീ പ്രഫഷനുകളാണു പ്രധാനമായും അധികൃതര്‍ ലക്ഷ്യമാക്കുന്നത്.

2019ല്‍ മാത്രം 2016 തൊഴിലുകളും, 2020 ല്‍ മാത്രം 4034 തൊഴിലുകളും, 2021ല്‍ 6049 തൊഴിലുകളും, 2022ല്‍ 8066 തൊഴിലുകളും എന്നിങ്ങനെ ഘട്ടം ഘട്ടമായി സൗദികള്‍ക്ക് ഈ മേഖലയില്‍ കൂടുതല്‍ തൊഴില്‍ നല്‍കുകയാണ് ലക്ഷ്യം. അക്കൗണ്ടിംഗ് കമ്പനികളിലും ഓഫീസുകളിലുമായി രാജ്യത്ത് 1,70,000 വിദേശികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഈ മേഖലയില്‍ ആകെ ജോലി ചെയ്യുന്നത് 4800 ഓളം സൗദികള്‍ മാത്രമാണ്.