‘അതെ ഞാനും ഇര; ലൈംഗികാതിക്രമത്തെ അതിജീവിച്ചിട്ടുണ്ട്’; വെളിപ്പെടുത്തലുമായി സാധിക വേണുഗോപാല്‍

single-img
21 March 2019

കുട്ടികള്‍ക്കെതിരെയുളള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ച് നടിയും അവതാരകയുമായ സാധിക വേണുഗോപാല്‍. താന്‍ ലൈംഗികാതിക്രമണത്തെ അതിജീവിച്ചയാളാണെന്നും സമൂഹത്തെ ഭയന്ന് നിശബ്ദരാകരുതെന്നും സാധിക പറയുന്നു. ഫേസ്ബുക്കിലൂടെയാണ് നടിയുടെ തുറന്നുപറച്ചില്‍.

തന്റെ അവസ്ഥയിലൂടെ ഇനി ഒരു കുട്ടിയും കടന്നു പോകരുതെന്ന ആഗ്രഹം കൊണ്ടാണ് ഇതെല്ലാം പങ്കുവയ്ക്കുന്നതെന്നും താരം വ്യക്തമാക്കുന്നു. മാതാപിതാക്കള്‍ക്കുള്ള മുന്നറിയിപ്പുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് കുറിപ്പ്.

”സമൂഹം എന്തു ചിന്തിക്കുമെന്നത് ഞാന്‍ കാര്യമാക്കുന്നില്ല, എന്താണോ ഇഷ്ടം അവര്‍ അതു ചിന്തിക്കട്ടെ. സമൂഹം എന്തു കരുതും ? ഇതെല്ലാം തുറന്നു പറയേണ്ടതുണ്ടോ ? എന്നീ ചോദ്യങ്ങള്‍ കൊണ്ട് എന്നെ നിശബ്ദയാക്കരുത്. ഞാനിപ്പോള്‍ കടന്നു പോകുന്ന സാഹചര്യത്തിലൂടെ ഭാവിയില്‍ വേറൊരു കുട്ടിയും കടന്നുപോകാരുതെന്ന ആഗ്രഹം കൊണ്ടാണ് ഇതെല്ലാം പങ്കുവയ്ക്കുന്നത്.

നിങ്ങളുടെ കുട്ടികളെയും അവരുടെ ജീവിതത്തേയും ഭാവിയേയും സുരക്ഷിതമാക്കൂ. എനിക്ക് ആരുടെയും സഹതാപമോ ഉപദേശമോ വേണ്ട. ആ സമയം നിങ്ങള്‍ മക്കള്‍ക്കൊപ്പം ചെലവഴിക്കൂ. അവരെ സാമൂഹിക പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്തൂ, പ്രതികരിക്കാന്‍ പഠിപ്പിക്കൂ.”– സാധിക കുറിച്ചു.