വടകരയില്‍ മത്സരിക്കാന്‍ സഖാക്കള്‍ പോലും ആവശ്യപ്പെട്ടു: കെ.മുരളീധരന്‍

single-img
21 March 2019

കേന്ദ്രം ഭരിക്കേണ്ടത് മതേതര സര്‍ക്കാറാണെന്ന് കെ. മുരളീധരന്‍. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കുകയല്ല, മറിച്ച് ഒരു ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ് യു.ഡി.എഫ് ചെയ്യുന്നത്. കേന്ദ്രത്തില്‍ മതേതര നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന സര്‍ക്കാര്‍ എന്നതാണ് ലക്ഷ്യമെന്നും മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.

വടകരയില്‍ മത്സരിക്കാന്‍ മണ്ഡലത്തിലെ ഇടതുപക്ഷ സഹയാത്രികരായ സഖാക്കള്‍ പോലും തന്നോട് ആവശ്യപ്പെട്ടിരുന്നു. ഇങ്ങനേയുള്ള നിശബ്ദ വോട്ടില്‍ പ്രതീക്ഷയുണ്ട്. അത് അനുകൂലമായി വരുമെന്നതില്‍ സംശയമില്ലെന്നും മുരളി പറഞ്ഞു.

പരാജയം മണത്തപ്പോള്‍ സി.പി.എം ജയിക്കാന്‍ നടത്തുന്ന തരം താണ പ്രചരണമാണ് ‘കോലീബി’. ഇത് തുരുമ്പെടുത്ത പ്രചരണമാണ്. കഴിഞ്ഞ തവണ പരാജയപ്പെടുത്തിയതിന് ശേഷം തന്നെ വ്യക്തിപരമായി ദ്രോഹിക്കാനും കേസ് നല്‍കാനുമൊക്കെ ശ്രമിച്ചയാളാണ് കുമ്മനം രാജശേഖരന്‍.

അങ്ങനെയൊരാളെ ഉപതിരഞ്ഞെടുപ്പില്‍ ജയിപ്പിക്കാന്‍ താന്‍ തിരുവനന്തപുരത്ത് നിന്ന് വടകരയിലേക്ക് വണ്ടികയറുമോയെന്നും മുരളീധരന്‍ ചോദിച്ചു. മതേതര കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഉണ്ടാവണം. കോണ്‍ഗ്രസിന് മാത്രമേ അതിന് നേതൃത്വം നല്‍കാന്‍ കഴിയൂ.

തിരഞ്ഞെടുപ്പ് കഴിഞ്ഞുണ്ടാവുന്ന മുന്നണിയില്‍ എല്ലാ മതേതര പാര്‍ട്ടിയും വരണം. ഇടതുപക്ഷത്തേയും മാറ്റി നിര്‍ത്തുന്നില്ല. പക്ഷെ കേരളത്തില്‍ അക്രമ രാഷ്ട്രീയമാണ് അവര്‍ പിന്തുടരുന്നത്. അതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും മുരളി പറഞ്ഞു.

ബി.ജെ.പിക്ക് കേരളത്തില്‍ സ്‌പേസ് ഉണ്ടാവരുത് എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പക്ഷെ മുഖ്യമന്ത്രി അടക്കം മറിച്ചാണ് പറയുന്നത്. തിരുവന്തപുരം മണ്ഡലത്തിലെ മത്സരത്തെ കുറിച്ച് മുഖ്യമന്ത്രി സൂചിപ്പിച്ചത് അവിടെ കോണ്‍ഗ്രസും ബിജെപിയുമാണ് മത്സരമെന്നാണ്. എന്നുവെച്ചാല്‍ അവര്‍ക്ക് പിന്തുണ കൊടുക്കുമെന്നാണ് സൂചിപ്പിച്ചത്. അപ്പോള്‍ കോലീബിക്ക് പകരം ഞങ്ങള്‍ മാബി (മാര്‍ക്‌സിസ്റ്റ് ബി.ജെ.പി) കൂട്ട് കെട്ടാണ് എന്നാണ് പറയുകയെന്നും മുരളി പരഞ്ഞു.