എസ്എസ്എൽസി പരീക്ഷ എഴുതുന്നതിനിടെ വയറുവേദന അനുഭവപ്പെട്ട വിദ്യാര്‍ഥിയെ ശുചിമുറിയിൽ പോകുവാൻ അധ്യാപിക അനുവദിച്ചില്ല; പരീക്ഷാഹാളില്‍ വിദ്യാര്‍ഥി മലമൂത്രവിസര്‍ജനം നടത്തി

single-img
21 March 2019

പരീക്ഷ എഴുതുന്നതിനിടെ പരീക്ഷാഹാളില്‍ തന്നെ വിദ്യാര്‍ഥി മലമൂത്രവിസര്‍ജനം നടത്തി. കലശലായ വയറുവേദന അനുഭവപ്പെട്ട വിദ്യാര്‍ഥി കേണപേക്ഷിച്ചിട്ടും ശുചിമുറിയില്‍ പോകാന്‍ അധ്യാപിക അനുവദിക്കാത്തതിനെ തുടർന്നാണ് പരീക്ഷാഹാളില്‍ വിദ്യാര്‍ഥി മലമൂത്രവിസര്‍ജനം നടത്തിയത്. കൊല്ലം കടയ്ക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്കിടെ ചൊവ്വാഴ്ചയായിരുന്നു സംഭവം.

രസതന്ത്രം പരീക്ഷ എഴുതുന്നതിനിടെ വിദ്യാര്‍ഥിക്ക് അസഹ്യമായ വയറുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയോട് ശുചിമുറിയില്‍ പോകാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചു. എന്നാൽ അധ്യാപിക അനുവദിച്ചില്ല.

പരീക്ഷാ ചീഫ് സൂപ്രണ്ടിനെയോ ഡെപ്യൂട്ടി സൂപ്രണ്ടുമാരെയോ അറിയിക്കാനും അധ്യാപിക തയ്യാറായില്ല. തുടര്‍ന്ന് പരീക്ഷയെഴുതാന്‍ കഴിയാത്തവിധം അവശനായ വിദ്യാര്‍ഥി പരീക്ഷാഹാളില്‍ മലമൂത്രവിസര്‍ജനം നടത്തുകയായിരുന്നു. പരീക്ഷാസമയം കഴിഞ്ഞശേഷമാണ് വിവരം സ്‌കൂള്‍ അധികൃതര്‍ അറിയുന്നത്. തുടര്‍ന്ന് കുട്ടിയെ വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു.

എന്നാല്‍ വിദ്യാര്‍ഥി രക്ഷാകര്‍ത്താക്കളോട് വിവരം പറഞ്ഞില്ല. ബുധനാഴ്ച വിവരമറിഞ്ഞ രക്ഷിതാക്കള്‍ അധ്യാപികയ്‌ക്കെതിരേ കടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കി.

അധ്യാപികയുടെ നിലപാടുമൂലം പരീക്ഷാഹാളില്‍ കടുത്ത മാനസികസംഘര്‍ഷമനുഭവിച്ച മകന് വേണ്ടവിധം പരീക്ഷയെഴുതാനായില്ലെന്നും മികച്ച വിജയം നഷ്ടപ്പെടുത്തിയ അധ്യാപികയ്‌ക്കെതിരേ നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നു.