മുരളീധരൻ വടകരയ്ക്കു പോയപ്പോൾ പണി കിട്ടിയത് ബിജെപിക്ക്; വട്ടിയൂർക്കാവിൽ വീണ്ടും കുമ്മനം നിൽക്കുമോ?

single-img
21 March 2019

കെ മുരളീധരൻ അപ്രതീക്ഷിതമായി വടകരയിൽ സ്ഥാനാർഥിയായതോടെ ബിജെപി വീണ്ടും പ്രതിസന്ധിയിലായി. തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ ഓ രാജഗോപാലിന് ലഭിച്ചിരുന്ന സ്വീകാര്യത കുമ്മനത്തിനു ലഭിക്കുമോ എന്ന ആശങ്ക ബിജെപി നേതാക്കൾക്കിടയിലും അണികൾക്കിടയിലും പടരവെ അപ്രതീക്ഷിതമായി കെ മുരളീധരൻ വടകരയിൽ യു ഡി എഫ് സ്ഥാനാർഥിയായതാണ് ഇപ്പോഴുള്ള പ്രതിസന്ധിക്കു കാരണം.

കെ മുരളീധരന്റെ സ്ഥാനാർഥിത്വം ആദ്യമേ പ്രഖ്യാപിച്ചിരുന്നു എങ്കിൽ കുമ്മനത്തെ ബിജെപി വട്ടിയൂർക്കാവിൽ സ്ഥാനാർഥിയാക്കുമായിരുന്നു എന്നാണു ലഭിക്കുന്ന വിവരം. ലോകസഭാ മണ്ഡലത്തിൽ കുമ്മനത്തിനു പകരം കെ സുരേന്ദ്രനെയോ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയോ സ്ഥാനാർഥി ആകുമായിരുന്നു. അങ്ങനെയായിരുന്നുവെങ്കിൽ കുമ്മനത്തെ ബിജെപിയുടെ സ്റ്റാർ ക്യാമ്പയിനർ ആക്കി ബിജെപി അവതരിപ്പിച്ചേനെ. മാത്രമല്ല മുരളീധരൻ വടകര ജയിച്ചാൽ കുമ്മനത്തെ വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാക്കി നിയമസഭയിൽ എത്തിക്കാനും ബിജെപിക്ക് കഴിയുമായിരുന്നു.

എന്നാൽ നിലവിൽ എന്ത് ചെയ്യണം എന്ന് അറിയാതെ കുഴയുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. വട്ടിയൂർക്കാവിൽ കുമ്മനത്തിനു പകരം ആര് നിന്നാലും വിജയസാധ്യത ഇല്ല. അതുപോലെ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ കുമ്മനം ജയിക്കുമോ എന്ന കാര്യത്തിലും ബിജെപി നേതാക്കൾക്ക് ആശങ്കയുമുണ്ട്. സ്ഥാനാർഥി പ്രഖ്യാപനം ഇതുവരെ ഉണ്ടായില്ല എങ്കിലും പ്രചാരണത്തിൽ കുമ്മനം ഏറെ മുന്നോട്ടു പോയ ഈ സാഹചര്യത്തിൽ മറ്റൊരു സ്ഥാനാർഥിയെ നിർത്തുക എന്നാൽ സ്വയം പരാജയം സമ്മതിക്കലുമായിരിക്കും. ഇതാണ് സംസ്ഥാന ബിജെപി നേതാക്കളെ കുഴക്കുന്നത്.

അതുപോലെ ലോകസഭയിൽ പരാജയപ്പെട്ട കുമ്മനം വീണ്ടും വട്ടിയൂർക്കാവിൽ സ്ഥാനാർഥി ആകാൻ സമ്മതം മൂളിയേക്കില്ല. ആ സാഹചര്യത്തിൽ എന്ത് ചെയ്യണം എന്ന ആലോചനയിലാണ് ഇപ്പോൾ സംസ്ഥാന നേതാക്കൾ. എന്തായാലും ലോക്സഭാ സ്ഥാനാർഥി പ്രഖ്യാപനം നാളെയോ മറ്റന്നാളോ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. അതോടൊപ്പം വട്ടിയൂർക്കാവിൽ സ്ഥാനാർഥിയാകാൻ ഇപ്പോൾ തന്നെ ബിജെപിയിൽ അടി തുടങ്ങിയിട്ടുമുണ്ട്. ബിജെപി ജില്ലാ അധ്യക്ഷൻ സുരേഷിനാണ് സാധ്യത എന്നാണു ബിജെപി കേന്ദ്രങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞ തവണ കഴക്കൂട്ടം മണ്ഡലത്തിൽ കടകംപള്ളി സുരേന്ദ്രനോട് പരാജയപ്പെട്ട മുരളീധരൻ ഉൾപ്പടെയുള്ള നേതാക്കളും സീറ്റിനായി രംഗത്തുണ്ട്.