ജേക്കബ് തോമസ് ചാലക്കുടി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി • ഇ വാർത്ത | evartha
Breaking News

ജേക്കബ് തോമസ് ചാലക്കുടി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി

സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡി.ജി.പിയും കേരള കേഡറിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനുമായ ജേക്കബ് തോമസ് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്നും മത്സരിക്കും. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി 20 മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം മത്സരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുള്ളതിനാല്‍ ഐ.പി.എസ് സ്ഥാനം രാജിവയ്ക്കും.

ഇടത് സ്ഥാനാര്‍ഥി ഇന്നസെന്റിനെതിരെയാകും ജേക്കബ് തോമസിന്റെ പ്രധാനപ്രചാരണം. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് സസ്‌പെന്‍ഷനിലുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍, അതും ഡിജിപി റാങ്കിലുള്ളയാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്നത്.

കിഴക്കമ്പലം പഞ്ചായത്തില്‍ നല്ല സ്വാധീനമുള്ള കൂട്ടായ്മയാണ് ട്വന്റി 20. പ്രാദേശികതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വാരുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥി ഇന്നസെന്റിന് ഒരു വെല്ലുവിളിയുയര്‍ത്താന്‍ ജേക്കബ് തോമസിന് കഴിഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നയത്തില്‍ പ്രതിഷേധിച്ചാണ് മത്സരിക്കാന്‍ തീരുമാനമെടുത്തതെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ വ്യക്തമാക്കുന്നു. ജനങ്ങള്‍ തന്നെ പിന്തുണയ്ക്കുമെന്ന വിശ്വാസത്തിലാണ് ജേക്കബ് തോമസ്.

കേരള കേഡറിലെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥനായ ഡിജിപി ജേക്കബ് തോമസ് 2017 ഡിസംബര്‍ മാസം മുതല്‍ സസ്‌പെന്‍ഷനിലാണ്. തിരുവനന്തപുരം ഗാന്ധി സ്മാരക നിധിയില്‍ 2017 ഡിസംബറില്‍ നടത്തിയ പ്രസംഗത്തില്‍ സര്‍ക്കാരിന്റെ ‘ഓഖി’ രക്ഷാപ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു ആദ്യ സസ്‌പെന്‍ഷന്‍. ആറു മാസം കഴിഞ്ഞപ്പോള്‍ പുസ്തകത്തിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് രണ്ടാമത്തെ സസ്‌പെന്‍ഷന്‍ ലഭിച്ചു.

ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കേ ഡ്രജര്‍ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തിന്റെ പേരിലാണ് മൂന്നാമത്തെ സസ്‌പെന്‍ഷന്‍ ലഭിച്ചത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ ഒരു മാസത്തില്‍കൂടുതല്‍ സസ്‌പെന്‍ഷനില്‍ നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കേന്ദ്രസര്‍ക്കാരിനും കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനും പരാതി നല്‍കിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല.