സിപിഎം ഓഫീസിലെ പീഡനം: യുവതിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് • ഇ വാർത്ത | evartha
Latest News

സിപിഎം ഓഫീസിലെ പീഡനം: യുവതിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

പാലക്കാട്: സിപിഎം ഓഫീസില്‍വച്ച് പീഡനത്തിനിരയായെന്ന പരാതി നല്‍കിയ യുവതിക്കെതിരേ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. നവജാത ശിശുവിനെ ഉപേക്ഷിച്ചതിനാണ് യുവതിക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, സിപിഎം ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി യുവതി മുന്നോട്ടു വരുന്നത് ചോരക്കുഞ്ഞിനെ വീട്ടു പറമ്പില്‍ അയല്‍വാസികള്‍ കണ്ടതിനെത്തുര്‍ന്ന്. ഫെബ്രുവരി 16 നാണ്മണ്ണൂരിലെ വീട്ടു പറമ്പില്‍ ചോരകുഞ്ഞിനെ അയല്‍വാസികള്‍ കാണുന്നത്.

തുടര്‍ന്ന് പോലീസെത്തി അന്വേഷിച്ചപ്പോഴാണ് 20 കാരിയാണ് കുട്ടിയുടെ അമ്മയെന്ന് തിരിച്ചറിയുന്നത്. തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്യലിലാണ് പാര്‍ട്ടി ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന വിവരം യുവതി പോലീസിനോട് പറയുന്നത്.

ഇരുവരും പ്രദേശത്തെ കോളേജ് വിദ്യാര്‍ഥികളായിരുന്നുവെന്നും കോളേജ് മാഗസിന്‍ തയ്യാറാക്കുന്നതിനായാണ് പാര്‍ട്ടി ഓഫീസിലെത്തിയതെന്നാണ് വിവരം. പാര്‍ട്ടിയുടെ ഏരിയാ കമ്മറ്റി ഓഫീസില്‍ യുവജനസംഘടനയ്ക്കായി പ്രത്യേക മുറിയുണ്ട്.

ഇവിടെ വെച്ചാണ് പീഡനം നടന്നതെന്നാണ് യുവതി ആരോപിക്കുന്നത്. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത ഇവര്‍ പാര്‍ട്ടി ഓഫീസില്‍ എത്തിയതെന്തിനെന്ന് അറിയില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്.

യുവതി ഗര്‍ഭിണിയാണെന്ന കാര്യം അച്ഛന്‍ പ്രസവ ശേഷമാണ് അറിയുന്നതെന്ന് വീട്ടുകാരോട് അടുത്ത ബന്ധമുള്ളവര്‍ പറയുന്നു. മാത്രവുമല്ല ഇവര്‍ പ്രസവത്തിനോടടുത്ത ദിവസം വരെ കോളേജില്‍ പോയിരുന്നുവെന്നും നാട്ടുകാരില്‍ ചിലര്‍ പറയുന്നു.

സംഭവം നടന്നത് ചെര്‍പ്പുളശ്ശേരി സ്റ്റേഷന്‍ പരിധിയിലാണെങ്കിലും യുവതി പരാതി നല്‍കുന്നത് മങ്കര സ്റ്റേഷനിലാണ്. പ്രസവം നടന്നത് മങ്കര സ്റ്റേഷന്‍ പരിധിയിലായതിനാലാണിത്. എന്നാല്‍ പരാതിയെക്കുറിച്ച് അറിയില്ലെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണിതെന്നുമാണ് സി.പി.എം പറയുന്നത്.