`താന്‍ കണ്ടതില്‍വെച്ചേറ്റവും നാണംകെട്ട ജനത´; കേരളത്തെ അധിക്ഷേപിച്ച അര്‍ണബ് ഗോസ്വാമിയ്‌ക്കെതിരെ കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതി കേസെടുത്തു • ഇ വാർത്ത | evartha
Breaking News

`താന്‍ കണ്ടതില്‍വെച്ചേറ്റവും നാണംകെട്ട ജനത´; കേരളത്തെ അധിക്ഷേപിച്ച അര്‍ണബ് ഗോസ്വാമിയ്‌ക്കെതിരെ കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതി കേസെടുത്തു

റിപ്പബ്ലിക്ക് ടിവി മാനേജിങ് ഡയറക്ടറും എഡിറ്ററുമായ അര്‍ണബ് ഗോസ്വാമിയ്‌ക്കെതിരെ കേരളത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ കണ്ണൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി(ഒന്ന്) കേസെടുത്തു. ജൂണ്‍ 20ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയക്കാനും ഉത്തരവായിട്ടുണ്ട്. സിപിഎം നേതാവ് പി. ശശി നല്‍കിയ ഹരജിയിലാണ് നടപടി.

പ്രളയക്കെടുതിയുടെ ദുരിതത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന കേരളീയരെ ‘ താന്‍ കണ്ടതില്‍വെച്ചേറ്റവും നാണംകെട്ട ജനത’ എന്ന് അര്‍ണബ് വിശേഷിപ്പിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. കേരളത്തിന് യു.എ.ഇ 700 കോടി രൂപ സഹായവാഗ്ദാനം നല്കിയെന്ന വാര്‍ത്തയുണ്ടാക്കിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ റിപ്പബ്ലിക് ടി.വിയിലെ ചര്‍ച്ചയ്ക്കിടെയാണ് അര്‍ണബ് മലയാളികളെ അധിക്ഷേപിച്ചു സംസാരിച്ചത്.

പരാമര്‍ശം അപമാനകരമാണെന്ന് ചൂണ്ടിക്കാട്ടി പി ശശി അര്‍ണബിന് നേരത്തെ വക്കീല്‍ നോട്ടീസയച്ചിരുന്നു. ഏഴുദിവസത്തിനകം മലയാളി സമൂഹത്തോട് നിര്‍വ്യാജം ഖേദംപ്രകടിപ്പിക്കണമെന്നും അല്ലാത്തപക്ഷം പത്തുകോടി രൂപ നഷ്ടപരിഹാരമായി മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്കു നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്.

മറുപടി തൃപ്തികരമല്ലാത്തതിനാലാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 500, ക്രിമിനല്‍ നടപടിച്ചട്ടം 190 പ്രകാരം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലല്ല, മലയാളികളെ അപമാനിക്കാനും രാജ്യത്തെ ജനങ്ങളെ വിഭജിച്ച് കലാപമുണ്ടാക്കാനുമാണ് അര്‍ണബ് ശ്രമിച്ചതെന്നും മലയാളിയെന്ന നിലയില്‍ താനും അപമാനിക്കപ്പെട്ടുവെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു.

പ്രഥമദൃഷ്ട്യാ കേസുണ്ടെന്നു കണ്ടെത്തി മജിസ്‌ട്രേറ്റ് എം സി ആന്റണി ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. വി ജയകൃഷ്ണന്‍ കോടതിയില്‍ ഹാജരായി. പ്രാഥമിക വിചാരണയുടെ ഭാഗമായി അഡ്വ. പി ശശി, സാക്ഷികളായ പ്രൊഫ. ടി വി ബാലന്‍, ഡോ. എ വി അജയകുമാര്‍, അഡ്വ. ടി അശോക് കുമാര്‍ എന്നിവരുടെ മൊഴിയും കോടതി രേഖപ്പെടുത്തി.