കോട്ടയത്ത് യുഡിഎഫിന്റെ ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശത്തുടക്കം; തോമസ് ചാഴിക്കാടനെ തോളിലേറ്റി പ്രവര്‍ത്തകര്‍; തിങ്ങിനിറഞ്ഞ പുരുഷാരം കണ്ടമ്പരന്ന് എല്‍ഡിഎഫ് ക്യാമ്പ്

single-img
21 March 2019

കഴിഞ്ഞ തവണ നേടിയ ലക്ഷങ്ങളുടെ ഭൂരിപക്ഷം ഇത്തവണയും ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ച് യുഡിഎഫിന്റെ ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശത്തുടക്കം. കണ്‍വന്‍ഷന്‍ വേദിയിലേയ്ക്ക് എത്തിയ സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടനെ തോളിലെടുത്താണ് പ്രവര്‍ത്തകര്‍ വേദിയിലേയ്ക്ക് എത്തിച്ചത്.

നിറഞ്ഞ കയ്യടിയോടെ, എഴുന്നേറ്റ് നിന്നാണ് കണ്‍വന്‍ഷന്‍ വേദിയില്‍ നിറഞ്ഞ് കവിഞ്ഞ ജനക്കൂട്ടം സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്. കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തല വികാര നിര്‍ഭരമായ പ്രസംഗമാണ് നടത്തിയത്. തോമസ് ചാഴിക്കാടന്റെ കുടുംബവും, കോട്ടയം പാര്‍ലമെന്റ് മണ്ഡലവുമായി തനിക്കുള്ള വികാര നിര്‍ഭരമായ ബന്ധം ചെന്നിത്തല ഓര്‍ത്തെടുത്തു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണ്ണയിക്കുന്ന കണ്‍വന്‍ഷനാണ് കോട്ടയത്ത് നടക്കുന്നതെന്ന് അദേഹം പറഞ്ഞു. കോട്ടയത്തെ ജനങ്ങളുടെ മനസ് ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കൊപ്പം നിന്ന ചരിത്രമാണ്. പാര്‍ലമെന്റ് മണ്ഡലവുമായുള്ള ബന്ധവും, തോമസ് ചാഴിക്കാടന്റെ കുടുംബവുമായുള്ള ബന്ധവുമാണ് എന്നെ വീണ്ടും കോട്ടയത്ത് എത്തിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി മെഡിക്കല്‍ കോളജിന് സമീപം തുറന്ന ജീപ്പില്‍ സഞ്ചരിക്കുകയായിരുന്നു. ഇതിനിടെ വലിയ ശബ്ദത്തോടെ മിന്നല്‍ എത്തി. എനിക്കും ബാബു ചാഴിക്കാടനും മിന്നലേറ്റു. ആശുപത്രിയില്‍ ബോധം വന്നപ്പോള്‍ ഞാന്‍ ആദ്യം തിരക്കിയത് ബാബുവിനെയായിരുന്നു.

പക്ഷേ, അദേഹത്തെ നമുക്ക് തിരികെ ലഭിച്ചില്ല. അന്നത്തെ ഓര്‍മ്മകള്‍ എനിക്ക് ഒരിക്കും മറക്കാനാവില്ല. അത് കൊണ്ടു തന്നെ ആ കുടുംബത്തില്‍ എന്ത് സന്തോഷവും ദുഖവുമുണ്ടായാല്‍ എന്നെ അറിയിക്കും. ഞാന്‍ ഓടിയെത്തും. രാഷ്ട്രീയ പ്രവര്‍ത്തകനല്ലെങ്കിലും ജനങ്ങളോട് ആര്‍ദ്രതയുള്ള പൊതു പ്രവര്‍ത്തകന്‍.

കാപട്യങ്ങളില്ലാത്ത, നാട്യങ്ങളില്ലാത്ത പൊതു പ്രവര്‍ത്തകന്‍. യു ഡി എഫ് വന്നപ്പോള്‍ മാത്രമാണ് കോട്ടയത്ത് വികസനം ഉണ്ടായിരിക്കുന്നത്. എല്‍ ഡി എഫ് ജനപ്രതിനിധികള്‍ നല്ല ഷര്‍ട്ടുമിട്ട് ചിരിച്ച് കാണിച്ച് അങ്ങോട്ടും ഇങ്ങോട്ടും പോകുക മാത്രമാണ് ചെയ്യുക.

ഓരോ എം എല്‍ എ മാരുടെയും പ്രവര്‍ത്തനം പരിശോധിച്ചാല്‍ യു ഡി എഫിന്റെ വികസന നേട്ടങ്ങള്‍ മനസിലാക്കാന്‍ സാധിക്കുമെന്നും അദേഹം പറഞ്ഞു. തുടര്‍ന്ന് ശാസ്ത്രി റോഡിലൂടെ പ്രകടനമായി പ്രവര്‍ത്തകര്‍ക്കൊപ്പം എത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുഡിഎഫ് ഇലക്ഷന്‍ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍, കേരള കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ് എം.എല്‍ എ , കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എംപി, സി.എഫ് തോമസ് എംഎല്‍എ, കെ.സി ജോസഫ് എം എല്‍ എ, മഹിളാ കോണ്‍ഗ്രസ് എം സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനുപ് ജേക്കബ് എം.എല്‍ എ , മോന്‍സ് ജോസഫ് എംഎല്‍ എ, എന്‍.ജയരാജ് എം എല്‍ എ, മുന്‍ എംപി ജോയി എബ്രഹാം, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലുര്‍, യു ഡി എഫ് ചെയര്‍മാന്‍ സണ്ണി തെക്കേടം , കണ്‍വീനര്‍ ജോസി സെബാസ്റ്റ്യന്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി, നഗരസഭ അധ്യക്ഷ ഡോ.പി.ആര്‍ സോന , മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്‍ , ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് , തോമസ് ഉണ്ണിയാടന്‍ , ഫോര്‍വേഡ് ബ്‌ളോക്ക് നേതാവ് റാം മോഹന്‍ , മുന്‍ എം എല്‍ എ വി.ജെ പൗലോസ് , മുന്‍ ഡി സി സി പ്രസിഡന്റ് കുര്യന്‍ ജോയി , മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായി , ടോമി കല്ലാനി, ഇ.എം ആഗസ്തി , കോണ്‍ഗ്രസ് എസ് നേതാവ് സനല്‍ മാവേലി , ജോയി ചെട്ടിശേരി , ആര്‍.ജെ.ഡി നേതാവ് ടി.കെ ഭാസി , ജനതാദള്‍ നേതാവ് സെബാസ്റ്റ്യന്‍ , തമ്പി ചന്ദ്രന്‍ , കെ.പി സി സി നേതാക്കളായ ഫിലിപ്പ് ജോസഫ് , നാട്ടകം സുരേഷ്, എസ് രാജീവ് , നന്തിയോട് ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.