എകെജി സെൻ്റർ അടിച്ചു തകർക്കാൻ ആഹ്വാനം ചെയ്ത സംഭവം; ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ പോത്തൻകോട് സ്റ്റേഷനിലെത്തി ജാമ്യമെടുത്തു

single-img
21 March 2019

പ്രസംഗത്തിലൂടെ അണികളെ അക്രമത്തിനു പ്രേരിപ്പിച്ച  സംഭവത്തിൽ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി ജാമ്യമെടുത്തു.  പോത്തൻകോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ബിജെപി നേതാവ് ജാമ്യം എടുത്തത്.

കഴിഞ്ഞ ഡിസംബർ 17ന്  ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ  ചേർന്ന യോഗത്തിൽ പ്രസംഗത്തിലാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ എ എൻ രാധാകൃഷ്ണൻ അക്രമ പ്രസംഗം നടത്തിയത്.

ശബരിമല തകർക്കാൻ ശ്രമിച്ചാൽ അയ്യപ്പഭക്തർക്ക് എകെജി സെൻ്റർ അടിച്ചു തകർക്കാനും മടിയില്ലെന്നായിരുന്നു പരാമർശം. പ്രസ്തുത പരാമർശം ചൂണ്ടിക്കാട്ടി സിപിഎം പോത്തൻകോട് ലോക്കൽ കമ്മിറ്റി അംഗം എൻ ജി കവിരാജ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

പോത്തൻകോട് പഞ്ചായത്തിലെ  ബിജെപി വാർഡ് മെമ്പർമാരാണ് എ എൻ രാധാകൃഷ്ണന് ജാമ്യം നിന്നത്.