വീട്ടിൽ മോഷണത്തിനെത്തിയവരെ കല്ലെറിഞ്ഞു വീഴ്ത്തി വാർഡുമെമ്പറായ ബിജെപി നേതാവ്

single-img
20 March 2019

വീട്ടിൽ മോഷണത്തിനെത്തിയവരെ പഞ്ചായത്തംഗം കല്ലെറിഞ്ഞു വീഴ്ത്തി ബിജെപിക്കാരനായ പഞ്ചായത്തംഗം. കല്ലെറിയേറ്റ് മോഷ്ടിച്ച ബൈക്ക് ഉപേക്ഷിച്ച് അവർ ഓടി രക്ഷപ്പെട്ടെങ്കിലും നാടകീയ സംഭവങ്ങൾക്ക് ഒടുവിൽ ഇവർ  പൊലീസിന്റെ പിടിയിലായി.

ഈരാറ്റുപേട്ട ചിരട്ടപ്പാറയിൽ സബീർ (30), തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കാനാട്ടിൽ രതീഷ്(26) എന്നിവരാണു പിടിയിലായത്. വിവിധ സ്ഥലങ്ങളിൽ നിന്നു മോഷ്ടിച്ച മൂന്നു ബൈക്കുകൾ  ഉപയോഗിച്ചായിരുന്നു ഇവരുടെ മോഷണം. വാഴൂർ പഞ്ചായത്ത് അംഗവും‍ ബിജെപി നേതാവുമായ കല്ലുതെക്കേൽ വാതല്ലൂർ വി.എൻ.മനോജിന്റെ വീട്ടിലാണ് ഇന്നലെ പുലർച്ചെ 1ന് മോഷണ ശ്രമം.

ഉഷ്ണം കാരണം  മനോജ് വീടിന്റെ സിറ്റൗട്ടിലാണ് കിടന്നത്. മുൻവാതിൽ പൂട്ടിയിരുന്നില്ല. മൂവാറ്റുപ്പുഴയിൽ നിന്നു മോഷ്ടിച്ച ബൈക്കിലാണ് ഇവരെത്തിയത്. ബൈക്ക് വീടിനു സമീപം നിർത്തി  ഒരാൾ അകത്തുകയറി. ഇതിലൂടെയാണ് മോഷ്ടാവ് അകത്തുകയറിയത്. വാതിലിൽ കിടന്ന താക്കോൽ ഉപയോഗിച്ച് മുറി പൂട്ടുകയും മനോജിന്റെ അമ്മ കിടന്ന മുറിയിൽ എത്തി മാല പൊട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു.

ഇവർ ബഹളം വച്ചതോടെ മോഷ്ടാവ് പുറത്തേക്ക് ഓടി. ശബ്ദം കേട്ട് ഉണർന്ന മനോജ് പിന്നാലെ ചെന്നതോടെ വീടിനു പുറത്തു കാത്തു നിന്ന രതീഷ് ബൈക്കമായി എത്തി. ബൈക്കിൽ കടക്കാൻ ശ്രമിച്ച ഇവരെ  മനോജ് കല്ലെറിഞ്ഞു വീഴ്ത്തുകയായിരുന്നു.

ഇതോടെ ബൈക്ക് ഉപേക്ഷിച്ചു സമീപത്തെ റബർ തോട്ടത്തിലേക്ക് ഓടി മറഞ്ഞു. പള്ളിക്കത്തോട് പൊലീസ് എത്തി തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായില്ല. പൊലീസ് പരിശോധന നടത്തുന്ന സമയത്ത് 200 മീറ്റർ അകലെ  പുതുപ്പള്ളിക്കുന്നേൽ ശ്രീജിത്തിന്റെ വീട്ടിൽ നിന്ന് ഇവർ ബൈക്കു മോഷ്ടിച്ചു കടന്നു.

ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലേക്കും സന്ദേശം നൽകി. മോഷ്ടിച്ച ബൈക്കുമായി ഇവർ  പാലാ ഭാഗത്തേക്കു പോകവേ ഇന്നലെ പുലർച്ചെ 3.45ന് കുമ്പാനി-മുത്തോലി റോഡിൽ മീനച്ചിൽകാവ് ഭാഗത്തെ വളവിൽ അപകടത്തിൽപ്പെട്ടു. പൊലീസിനെ കണ്ട് അമിതവേഗത്തിൽ പായുന്നതിനിടെയാണ് ബൈക്ക് മറിഞ്ഞ്  സബീറിന് പരുക്കേറ്റത്. ബൈക്ക് ഓടിച്ച രതീഷ് ബൈക്ക് ഉപേക്ഷിച്ച് ഓടി.

പിന്നീട് പാലായിൽ നിന്നു  ടാക്‌സി ഡ്രൈവർ മീനച്ചിൽ ചെരുവിൽ രാധാകൃഷ്ണന്റെ ബൈക്ക് മോഷ്ടിച്ച് കടന്നു.  ഏറ്റുമാനൂർ ഭാഗത്ത് എത്തിയപ്പോൾ പെട്രോൾ തീർന്നതോടെ ബൈക്ക് വഴിയിൽ ഉപേക്ഷിച്ചു. പിന്നീട് ബസിൽ സഞ്ചരിക്കവേ വൈക്കം കൊതവറ ഭാഗത്ത് കോട്ടയം എസ്പിയുടെ സ്‌ക്വാഡും പൊലീസും ചേർന്ന് പിടികൂടി.

ഇടുപ്പെല്ലിന് സാരമായി പരുക്കേറ്റ സബീറിനെ പാലാ പൊലീസ് കസ്റ്റഡിയിലെടുത്ത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളിൽ നിന്നാണു  രതീഷിന്റെ മൊബൈൽ നമ്പർ കണ്ടെത്തി സൈബർ സെല്ലിന്റെ സഹായത്തോടെ പിടികൂടിയത്.