പി സി ജോര്‍ജ് പത്തനംതിട്ടയില്‍ മത്സരിക്കില്ല; ഒരു പാർലമെന്റ് സീറ്റിലും മത്സരിക്കേണ്ട എന്ന് ജനപക്ഷം സംസ്ഥാന കമ്മിറ്റി തീരുമാനം

single-img
20 March 2019

 നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ഉൾപ്പെടെ ഒരു പാർലമെന്റ് സീറ്റിലും മത്സരിക്കെണ്ടതില്ല എന്ന് ജനപക്ഷം സംസ്ഥാന കമ്മിറ്റി തീരുമാനം. സമൂഹത്തിലെ മത വിശ്വാസങ്ങളെയും ആചാര അനുഷ്ഠാനങ്ങളെയും അധിക്ഷേപിക്കാനും അവഹേളിക്കാനും ശ്രമിക്കുന്ന ശക്തികളുടെ പരാജയം ഉറപ്പാക്കാൻ ജനപക്ഷം പ്രവർത്തകർ രംഗത്തിറങ്ങാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മുന്‍പേ,  പാർട്ടി ചെയർമാൻ പി സി ജോർജ് ലോക്സഭയിലേക്കു പത്തനംതിട്ടയിൽനിന്നു മൽസരിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, കേരളത്തിലെ 19 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തുമെന്നും പ്രഖ്യാപനമുണ്ടായ ശേഷമാണു പിൻമാറ്റം.


പി സി ജോർജിന്റെ സ്ഥാനാർഥിത്വം പത്തനംതിട്ടയിൽ ഇടതു മുന്നണി സ്ഥാനാർത്ഥിയുടെ വിജയത്തിനു കൂടുതൽ അനുകൂല സാഹചര്യമൊരുക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് പിൻമാറ്റമെന്നു പാർട്ടി സംസ്ഥാന നേതൃത്വം പ്രതികരിച്ചു. പി സി ജോര്‍ജ് മത്സരത്തില്‍ നിന്നും പിൻമാറണമെന്നാവശ്യപ്പെട്ടു വിവിധ കോണുകളിൽനിന്ന് അഭ്യർഥനകളുണ്ടായെന്നും യുഡിഎഫിലേക്കുള്ള പ്രവേശനം സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും പാർട്ടി നേതൃത്വം അറിയിച്ചു. പത്തനംതിട്ടയിൽ മത്സരിച്ചാല്‍ 1.75 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്നു പി സി ജോർജ് അവകാശപ്പെട്ടിരുന്നു.