ഓർത്തഡോക്സ്-യാക്കോബായ സംഘർഷം; കട്ടച്ചിറ സെന്‍റ് മേരീസ് പള്ളിയിലെ വാതിൽ തകർത്ത് ഓർത്തോഡോക്സ് വിഭാഗം അകത്തുകയറി

single-img
20 March 2019

ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന കറ്റാനം കട്ടച്ചിറ സെന്‍റ് മേരീസ് പള്ളിയിൽ സംഘർഷം. സുപ്രീം കോടതി വിധിയെ തുടർന്ന് ഓർത്തോഡോക്സ് വിഭാഗം വൈദികരും വിശ്വാസികളും പള്ളിയുടെ വാതിൽ തകർത്ത് അകത്തുകയറി.

പോലീസിന്‍റെ സാന്നിധ്യത്തിലാണ് സംഭവം നടന്നത്. സംഭവത്തിൽ യാക്കോബായ വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ നിലനിൽക്കെ ഓർത്തഡോക്സ് വിഭാഗം അത് ലംഘിച്ച് പള്ളിയിൽ അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് യാക്കോബായ വിഭാഗം ആരോപിച്ചു.

ബുധനാഴ്ച രാവിലെയാണ് ഓർത്തഡോക്സ് വിഭാഗം വൈദികരും വിശ്വാസികളും ഉൾപ്പെടെ അമ്പതോളം വരുന്ന സംഘം പൂട്ടിയിട്ടിരുന്ന പള്ളിയുടെ ഗേറ്റ് കുത്തിത്തുറന്ന് പള്ളിയുടെ വാതിൽ തകർത്തശേഷം അകത്തുകയറിയത്.

ചെങ്ങന്നൂർ ഡിവൈഎസ്പിയും ആർഡിഒയും തങ്ങളുമായി ചർച്ച നടത്തുന്നതിനിടയിലാണ് ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ നിയമ വിരുദ്ധമായി അതിക്രമിച്ച് കയറിയതെന്നു യാക്കോബായ വിഭാഗം ആരോപിച്ചു. പോലീസ് ഇതിന് ഒത്താശ ചെയ്‌തെന്നും യാക്കോബായ വിഭാഗം പറഞ്ഞു.