സംസ്ഥാനത്ത് കോണ്‍ഗ്രസ്- ബിജെപി രഹസ്യ ധാരണ; മുസ്ലീംലീഗും എസ്ഡിപിഐയും തമ്മിലുള്ള ബന്ധം ആര്‍ എസ് എസും ബിജെപിയും തമ്മിലുള്ള ബന്ധം പോലെ: കോടിയേരി

single-img
20 March 2019

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനായി കേരളത്തില്‍ കോണ്‍ഗ്രസ് -ബിജെപിയുമായി ധാരണയിലെത്തിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ് -എസ്ഡിപിഐയുമായി മുന്നണിയുണ്ടാക്കിയിരിക്കുകയാണ്. ഇതിനായി മുസ്ലീം ലീഗിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ലീഗും എസ്ഡിപിഐയും തമ്മിലുള്ള ബന്ധം ആര്‍ എസ് എസും ബിജെപിയും തമ്മിലുള്ള ബന്ധം പോലെയായെന്നും കോടിയേരി പറഞ്ഞു.

എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കേണ്ടി വന്നത് യുഡിഎഫിന്റെ രാഷ്ട്രീയ പാപ്പരത്തത്തിന്റെ ഭാഗമാണ്. സംസ്ഥാനത്ത് ന്യൂനപക്ഷവര്‍ഗീയത ആളിക്കത്തിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.ബിജെപി നയിക്കുന്ന എന്‍ ഡി എ മുന്നണി ഹിന്ദുത്വവര്‍ഗീയതയെ ഉത്തേജിപ്പിക്കുയാണ്. സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിക്കൊണ്ട് യുഡിഎഫിനെ സഹായിക്കാനാണ് ആര്‍ എസ് എസ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

ഈ നിര്‍ദ്ദേശത്തിന്റെ ഭാഗമായി വടകര, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം മണ്ഡലങ്ങളില്‍ ബിജെപിയുടെ എന്‍ ഡി എ മുന്നണി ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി യുഡിഎഫിനെ സഹായിക്കും. ഈ ചെയ്യുന്നതിന്പ്രത്യുപകരമായി തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെ കോണ്‍സ് സഹായിക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കിയതെന്നും കോടിയേരി പറഞ്ഞു.

വട്ടിയൂര്‍കാവില്‍ എം എല്‍ എയായ മുരളീധരനെ വടകരയിലേക്ക് മാറ്റിയത് ഇതിന്റെ ഭാഗമാണ്. കേരളത്തില്‍ നിന്നും ഒരു സീറ്റിലെങ്കിലും ആര്‍എസ്എസിന് ജയിക്കണം. അതിന് സഹായകമായ നീക്കങ്ങള്‍ അണിയറയില്‍ ആരംഭിച്ചെന്നും കോടിയേരി പറഞ്ഞു. ഇടതുപക്ഷത്തെ തോല്പ്പിക്കാനായി എന്തുവൃത്തികെട്ട മാര്‍ഗവും ഇവര്‍ സ്വീകരിക്കും. കേരളത്തില്‍ ഇനി യുഡിഎഫ് – എസ് ഡി പി ഐ – ആര്‍ എസ് എസ് കൂട്ട് കെട്ടാണ് ഉഉണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.