പാർട്ടിമാറ്റം തുടരുന്നു; കോണ്‍ഗ്രസിന് തിരിച്ചടിയായി കോൺഗ്രസ് മുന്‍ മന്ത്രി ബിജെപിയിൽ ചേർന്നു

single-img
20 March 2019

കോണ്‍ഗ്രസിന് തിരിച്ചടിയായി മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ഡി കെ അരുണ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു ഡി കെ അരുണയുടെ ബിജെപി പ്രവേശനം.

വരുന്ന തെരഞ്ഞെടുപ്പില്‍ മെഹബൂബനഗറില്‍ നിന്നും ബിജെപി ടിക്കറ്റില്‍ ഡി കെ അരുണ മത്സരിക്കുമെന്നാണ് സൂചന.  വാംഷി ചന്ദ് റെഡ്ഡിയാണ് ഇവിടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരു പ്രതീക്ഷയുമില്ലെന്നും ജനങ്ങളുടെ ആഗ്രഹം സഫലമാക്കാനാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും അരുണ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വരുമെന്ന് അരുണ പ്രതീക്ഷ പ്രകടിപ്പിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തെലുങ്കാനയില്‍ പരമാവധി സീറ്റുകള്‍ പിടിക്കാനുളള ശ്രമത്തിലാണ് കോണ്‍ഗ്രസും ബിജെപിയും. ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് കോൺഗ്രസ് നേതാവിൻ്റെ കൂറുമാറൽ.

മൂന്നുതവണ ഗാഡ്‌വാള്‍ എംഎല്‍എയായിരുന്ന അരുണ കോണ്‍ഗ്രസ് നേതാവ് വൈ എസ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന സമയത്ത് മന്ത്രിയായിരുന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും രാം മാധവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ബിജെപിയില്‍ ചേരാന്‍ അരുണ തീരുമാനിച്ചത്.