മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചു: ബിജെപിയിലേയ്‌ക്കെന്ന് സൂചന

single-img
19 March 2019

മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചു. തന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നതിനു തൊട്ടുപിന്നാലെയാണ് നിയമസഭയിലെ പ്രതിപക്ഷനേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രാധാകൃഷ്ണ വിഖെ പാട്ടീല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്.

ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണു സൂചന. വിഖെ പാട്ടീലിന്റെ മകന്‍ സുജയ് കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേയ്ക്ക് പോകുന്നത് തുടര്‍ക്കഥയാകുന്നതിനിടെ കോണ്‍ഗ്രസിനു ആഘാതമായിരിക്കുകയാണ് രാധാകൃഷ്ണയുടെ രാജി.

തന്റെ മകന്‍ സുജയ് പാട്ടീലിന് ലോക്‌സഭാ സീറ്റ് നേടിയെടുക്കാന്‍ രാധാകൃഷ്ണ പാട്ടീല്‍ പരമാവധി ശ്രമിച്ചിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് സുജയ് പാട്ടീല്‍ ബിജെപിയില്‍ ചേര്‍ന്നത്. മകന് വേണ്ടി അഹമ്മദ് നഗര്‍ സീറ്റാണ് രാധാകൃഷ്ണ പാട്ടില്‍ നേടിയെടുക്കാന്‍ ശ്രമിച്ചിരുന്നത്.

മകന്‍ പാര്‍ട്ടി വിടാന്‍ പ്രധാന കാരണം പവാറാണെന്ന് വിഖെ പാട്ടീല്‍ ആരോപിച്ചിരുന്നു. എന്‍സിപിയുമായുള്ള ചര്‍ച്ചകളില്‍ ചില സീറ്റുകള്‍ വച്ചുമാറുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. കൂടുതല്‍ സീറ്റുകളില്‍ വിജയിക്കുക എന്നതായിരുന്നു ലക്ഷ്യം. അതുകൊണ്ടാണ് അഹമ്മദ്‌നഗര്‍ സീറ്റ് ആവശ്യപ്പെട്ടത്. എന്നാല്‍ അന്തരിച്ച പിതാവിന്റെ പേരിലുള്ള പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കുകയാണ് പവാര്‍ ചെയ്തത്.

ഇതില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ ചേര്‍ന്ന സുജയ് പാട്ടീലിനു അഹമ്മദ് നഗര്‍ സീറ്റ് നല്‍കണമെന്ന് ബിജെപി നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.