ഖുര്‍ആന്‍ പാരായണം ചെയ്ത് പാര്‍ലമെന്റിന് തുടക്കം; സലാം ചൊല്ലി അഭിവാദനവുമായി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആർഡൻ

single-img
19 March 2019

ന്യൂസിലാന്‍ഡ് പാർലമെന്റ് പ്രത്യേക സമ്മേളനം ഇന്ന് ആരംഭിച്ചത് ഖുർആൻ പാരായണത്തോടെ. ഇമാമായ നിസാമുൽ ഹഖ് തൻവിയാണ് പ്രാർഥന ചൊല്ലിയത്. കഴിഞ്ഞ ദിവസം ക്രൈസ്റ്റ് ചർച്ചിലെ രണ്ടു പള്ളികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ 50 പേർക്ക് ജീവൻ നഷ്ടമായതിന്റെ പശ്ചാത്തലത്തിലാണ് പാര്‍ലമെന്റ് പ്രത്യേക യോഗം ചേര്‍ന്നത്. സഭയെ അഭിസംബോധനം ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി ജസിന്‍ഡ സലാം ചൊല്ലിയാണ് പ്രസംഗം ആരംഭിച്ചത്.

രാജ്യത്തെ എല്ലാവര്‍ക്കും സമാധാനം ആശംസിച്ച പ്രധാനമന്ത്രി ഭീകരാക്രമണ ഇരകളുടെ കുടുംബാംഗങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. ആക്രമണത്തിനായി മുസ്ലീം പള്ളിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തോക്കുധാരിയെ തടയുന്നതിനിടെ രക്തസാക്ഷിയായ പാകിസ്താന്‍ സ്വദേശി നഈം റാഷിദിന് ന്യൂസിലാന്‍ഡ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ആദരവ് അര്‍പ്പിച്ചു.

തന്‍റെ പ്രസംഗത്തില്‍ അക്രമിയുടെ പേര് പരാമര്‍ശിക്കാന്‍ വിസ്സമ്മതിച്ച പ്രധാനമന്ത്രി ജസിന്‍ഡ അദ്ദേഹം ആഗ്രഹിച്ച പ്രശ്സതി നല്‍കരുതെന്നും ആഹ്വാനം ചെയ്തു. ‘ആക്രമണകാരി ആഗ്രഹിച്ച പ്രശസ്തി നാം നല്‍കരുത്, ആ ഭീകരവാദിയുടെ പേര് പോലും ഉച്ചരിക്കരുത്’; പ്രധാനമന്ത്രി ജസിന്‍ഡ പ്രസംഗത്തില്‍ പറഞ്ഞു.