കാവല്‍ക്കാരുള്ളത് സമ്പന്നര്‍ക്കാണ്; കര്‍ഷകര്‍ക്കല്ല: ചൗക്കീദാര്‍ ക്യാമ്പയിനെ പരിഹസിച്ച് പ്രിയങ്കാ ഗാന്ധി: മറുപടിയില്ലാതെ ബിജെപി

single-img
19 March 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഞാനും കാവല്‍ക്കാരന്‍ ക്യാമ്പയിനെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കാവല്‍ക്കാരുള്ളത് സമ്പന്നര്‍ക്കാണെന്നും കര്‍ഷകര്‍ക്കല്ലെന്നും പ്രിയങ്ക പറഞ്ഞു. ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഗംഗാനദിയിലൂടെ ബോട്ട് യാത്ര നടത്തുന്നതിനിടെയാണ് അവര്‍ ഇക്കാര്യം പറഞ്ഞതെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.

‘ഇന്നലെ ഞാന്‍ ഒരു സംഘം കര്‍ഷകരെ കണ്ടു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍നിനിന്നുള്ള ഉരുളക്കിഴങ്ങ് കര്‍ഷകരെ. അതില്‍ ഒരു കര്‍ഷകന്‍ എന്നോടു പറഞ്ഞു. ‘കാവല്‍ക്കാരുള്ളത് സമ്പന്നര്‍ക്കാണ്. ഞങ്ങള്‍ കര്‍ഷകര്‍ ഞങ്ങളുടെ തന്നെ കാവല്‍ക്കാരാണ്’ പ്രിയങ്ക പറഞ്ഞു.

പ്രിയങ്കയുടെ ബോട്ട് യാത്രയോടെ ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലാണ് പ്രിയങ്ക തിരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം കുറിച്ചത്. പ്രയാഗ്‌രാജില്‍നിന്ന് വാരണാസി വരെ മൂന്നുദിവസത്തെ ബോട്ട് യാത്രയാണ് പ്രിയങ്ക നടത്തുന്നത്.

അതേസമയം, മോദിയുടെ ‘ഞാനും കാവല്‍ക്കാരന്‍’ പ്രചാരണത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും രംഗത്തെത്തി. റഫാല്‍ ഇടപാടില്‍ പിടിക്കപ്പെട്ടതോടെ എല്ലാവരേയും കാവല്‍ക്കാരാക്കി മാറ്റാനാണ് മോദി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കാവല്‍ക്കാരന്‍ പിടിക്കപ്പെട്ടു. അതോടെ രാജ്യം മുഴുവന്‍ കാവല്‍ക്കാരാണെന്ന് കാവല്‍ക്കാരന്‍ തന്നെ പറയുന്നു. പിടിക്കപ്പെടുന്നതിന് മുമ്പ് രാജ്യം മുഴുവന്‍ കാവല്‍ക്കാര്‍ ആയിരുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി മോദിയും ബിജെപി നേതാക്കളും ‘ഞാനും കാവല്‍ക്കാരന്‍’ എന്ന പ്രചാരണം തുടങ്ങിയതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശവുമായി രാഹുല്‍ഗാന്ധി രംഗത്തെത്തിയത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ളവര്‍ ട്വിറ്റര്‍ പ്രൊഫൈലിലെ പേരിനുമുന്നില്‍ ‘ചൗക്കിദാര്‍’ എന്ന് ചേര്‍ത്തിരുന്നു. ഇതിനെതിരെയാണ് രാഹുലിന്റെ വിമര്‍ശനം.