മുരളീധരന്റെ വിജയം അനായാസമെന്ന് മുല്ലപ്പള്ളി; വടകരയിലേത് ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമെന്ന് മുരളീധരന്‍

single-img
19 March 2019

വടകരയ്ക്കു ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ഥിയാണ് കെ. മുരളീധരനെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുരളീധരന്റെ വിജയം അനായാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ദൗത്യവും താന്‍ ഏറ്റെടുക്കുമെന്നും വടകരയില്‍ സ്ഥാനാര്‍ഥിയാകാന്‍ കഴിയുമോ എന്ന് നേതൃത്വം ചോദിച്ചുവെന്നും കെ.മുരളീധരന്‍ എംഎല്‍എ. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വടകരയില്‍ ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് നടക്കാന്‍ പോകുന്നത്. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരേ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പോരാട്ടം താനും തുടരും. എതിരാളി ആരെന്ന് നോക്കി കോണ്‍ഗ്രസുകാര്‍ മത്സര രംഗത്തിറങ്ങാറില്ലെന്നും ആശയപരമായ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ഥി നിര്‍ണയം വൈകിയെന്ന വിമര്‍ശനത്തിന് അടിസ്ഥാനമില്ല. എല്ലാ തലങ്ങളിലും ആലോചിച്ച് ചര്‍ച്ച ചെയ്താണ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത്. തന്നോട് മത്സരിക്കണമെന്ന് കേരളത്തിലെ ഉന്നത നേതാക്കള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി പറഞ്ഞാല്‍ എവിടെയും മത്സരിക്കുമെന്ന് നേതാക്കള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ഥി പ്രഖ്യാപനം ഹൈക്കമാന്‍ഡ് നടത്തുമെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി.

ചര്‍ച്ചകള്‍ക്കൊടുവില്‍ കെ.മുരളീധരനെ വടകരയിലെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ഇതോടെ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പൂര്‍ണമായി.