കേരളത്തില്‍ 9 പുതിയ എംഎല്‍എമാരെ കണ്ടെത്തേണ്ടി വരുമോ ?

single-img
19 March 2019

എല്‍ഡിഎഫും യുഡിഎഫും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞതോടെ രാഷ്ട്രീയ കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഏതൊക്കെ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും എന്നാണ്. ഒമ്പത് എംഎല്‍എമാരാണ് ഇത്തവണ മത്സര രംഗത്തുള്ളത്.

ഇതില്‍ ഏറ്റവും കൂടുതല്‍ എംഎല്‍എമാരെ മത്സര രംഗത്തിറക്കിയിരിക്കുന്നത് ഇടതുപക്ഷമാണ്. എല്‍ഡിഎഫിന്റെ ആറ് എംഎല്‍എമാരാണ് ഇത്തവണ പാര്‍ലമെന്റിലേയ്ക്ക് മത്സരിക്കുന്നത്. കോഴിക്കോട് നോര്‍ത്ത് എംഎല്‍എയായ എ പ്രദീപ് കുമാര്‍ കോഴിക്കോട്, അരൂര്‍ എംഎല്‍എ എ. എം. ആരിഫ് ആലപ്പുഴ, ആറന്മുള എംഎല്‍എ വീണാ ജോര്‍ജ് പത്തനംതിട്ട, നിലമ്പൂര്‍ എംഎല്‍എ പി. വി അന്‍വര്‍ പൊന്നാനി, നെടുമങ്ങാട് എംഎല്‍എ സി. ദിവാകരന്‍ തിരുവനന്തപുരം, അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍ മാവേലിക്കര എന്നിവരാണ് എല്‍ഡിഎഫില്‍നിന്ന് മത്സരരംഗത്തുള്ള നിയമസഭാ സാമാജികര്‍.

യുഡിഎഫില്‍ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരാണ് ലോക്‌സഭയിലേയ്ക്ക് മത്സരിക്കുന്നത്. വടകരയില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എ മുരളീധരനെ കൂടാതെ എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍നിന്നും കോന്നി എംഎല്‍എ അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍നിന്നും ലോക്‌സഭയിലേയ്ക്ക് ജനവിധി തേടുന്നുണ്ട്.

2009ല്‍ മൂന്നു എംഎല്‍എമാരെയാണ് കോണ്‍ഗ്രസ് പാര്‍ലമെന്റിലേക്ക് മത്സരിപ്പിച്ചത്. കണ്ണൂരില്‍ സുധാകരനും എറണാകുളത്ത് കെ.വി തോമസും ആലപ്പുഴയില്‍ കെ.സി വേണുഗോപാലും മത്സരിക്കുകയും മൂന്നു പേരും ജയിക്കുകയും ചെയ്തു. മത്സരിക്കുന്ന എംഎല്‍എമാരെല്ലാം തിരഞ്ഞെടുക്കപ്പെട്ടാല്‍ ഈ നിയമസഭാ മണ്ഡലങ്ങളിലെല്ലാം ഉപതിരഞ്ഞെടുപ്പുകളും സംസ്ഥാനത്തുണ്ടാവും.