കെ.മുരളീധരന്‍ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

single-img
19 March 2019

ചര്‍ച്ചകള്‍ക്കൊടുവില്‍ കെ.മുരളീധരനെ വടകരയില്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് തീരുമാനിച്ചു. നിരവധി ചര്‍ച്ചകള്‍ക്കൊടുവിലാണ് മുരളീധരനെ സ്ഥാനാര്‍ഥിയാക്കിയത്. ഇതോടെ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പൂര്‍ണമായി.

അവസാനം വരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് മേല്‍ മത്സരിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല. മുതിര്‍ന്ന നേതാവ് തന്നെ വടകരയില്‍ മത്സരിക്കണമെന്ന ആവശ്യം അംഗീകരിച്ചാണ് ഒടുവില്‍ മുരളീധരന് സ്ഥാനാര്‍ഥിത്വം നല്‍കിയത്.

സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരില്‍ സംസ്ഥാന കോണ്‍ഗ്രസിലെ എ ഐ ഗ്രൂപ്പുകള്‍ തുറന്ന പോരിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് തീരുമാനം. വയനാട്ടില്‍ സിദിഖിനായി നിര്‍ബന്ധം പിടിച്ച ഉമ്മന്‍ചാണ്ടിയാണ് പ്രശ്ങ്ങള്‍ക്കു കാരണം എന്ന് ഐ ഗ്രൂപ്പ് കുറ്റപ്പെടുത്തുമ്പോള്‍ പാലക്കാടും കാഡര്‍കോഡും വിട്ടു വീഴ്ച്ച ചെയ്തിട്ടും വയനാട്ടില്‍ ഐ ഗ്രൂപ്പ് പിടിവാശി കാണിച്ചു എന്നാണ് എ ഗ്രൂപ്പിന്റെ വാദം.

സിദിഖിനെ വടകര ഇറക്കി വയനാട് ഷാനി മോള്‍ക്ക് നല്‍കണമെന്ന ഐ ഗ്രൂപ്പ് ഫോര്‍മുലക്കും എ വഴങ്ങിയില്ലെന്നും ആരോപണമുണ്ട്. എന്നാല്‍ ഗ്രൂപ്പിന്റെ പേരില്‍ അല്ല സിദിഖിനായി നിര്‍ബന്ധം പിടിച്ചതെന്നാണ് എ ഗ്രൂപ്പ് മറുപടി.