ഭൂമി തട്ടിപ്പ് കേസ്; റോബര്‍ട്ട് വാദ്രയെ ഈ മാസം 25 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

single-img
19 March 2019

ന്യൂഡൽഹി: ഭൂമിതട്ടിപ്പ് കേസില്‍ റോബര്‍ട്ട് വാദ്രയെ ഈ മാസം 25 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡൽഹി പട്യാല ഹൗസ് കോടതി. വാദ്ര അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടപ്പോഴാണ് അറസ്റ്റ് കോടതി വിലക്കിയത്.

ബിക്കാനീറിലെ ഭൂമി തട്ടിപ്പ് കേസിൽ റോബർട്ട് വാദ്ര അടക്കം നാല് പേരുടെ സ്വത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു. റോബര്‍ട്ട് വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡിന്‍റെ 4.62 കോടിയുടെ ആസ്തിയാണ് കണ്ടുകെട്ടിയത്.

ഇതേ കേസിൽ റോബർട്ട വാദ്രയെയും അമ്മയേയും ജയ്പ്പൂരിൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് മുന്‍പേ തന്നെ ചോദ്യം ചെയ്തിരുന്നു.ബിക്കാനീറിലെ ഭൂമി വാങ്ങി മറിച്ചു വിറ്റതിലൂടെ റോബർട്ട് വാദ്രയും കൂട്ടരും കൊള്ളലാഭമുണ്ടാക്കി എന്നാണ് എൻഫോഴ്സ്മെന്‍റിന്‍റെ ആരോപണം. കേന്ദ്രസര്‍ക്കാരിന്റെ കള്ളപ്പണം വെളുപ്പിക്കൽ തടയാനുള്ള നിയമപ്രകാരമാണ് വാദ്രക്കെതിരെ എൻഫോഴ്സ്മെന്‍റ് കേസെടുത്തത്.