കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റുകളില്‍ സ്ഥാനാർത്ഥികളെ നിർത്താതെ പശ്ചിമ ബംഗാളിൽ ഇടതുപക്ഷം സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ചു

single-img
19 March 2019

കൊൽക്കത്ത: കോണ്‍ഗ്രസുമായി സഖ്യസാധ്യതകള്‍ തള്ളാതെ കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റുകളില്‍ സ്ഥാനാർത്ഥികളെ നിർത്താതെ ബംഗാളിൽ ഇടതുപക്ഷം സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ആകെയുള്ള 42 ലോക്സഭാ സീറ്റുകളില്‍ 38 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇടതുപക്ഷം പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് കോൺഗ്രസുമായുള്ള സഖ്യത്തിനുള്ള ചർച്ചകൾ അവസാനിച്ചിട്ടില്ലെന്നും നീക്കുപോക്ക് സാധ്യതകൾ പൂർണമായി അടഞ്ഞതിന് ശേഷം മാത്രമേ കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയുള്ളുവെന്നും സിപിഎം അധ്യക്ഷൻ ബിമൻ ബോസ് പറയുന്നു. ഇടതുപക്ഷം ഒഴിച്ചിട്ട സീറ്റുകളിൽ നീക്കുപോക്ക് സംബന്ധിച്ച് കോൺഗ്രസ് നിലപാടിനായി ബുധനാഴ്ച വരെ കാത്തിരിക്കും.

ധാരണയില്‍ കോൺഗ്രസ് നിലപാട് അറിഞ്ഞ ശേഷം സാഹചര്യമനുസരിച്ച് മാത്രമേ അവശേഷിക്കുന്ന നാല് സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും ബിമൻ ബോസ് പറഞ്ഞു.