ബി.ജെ.പിക്ക് കനത്ത തിരിച്ചടി; ഉപാദ്ധ്യക്ഷന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു • ഇ വാർത്ത | evartha
Breaking News

ബി.ജെ.പിക്ക് കനത്ത തിരിച്ചടി; ഉപാദ്ധ്യക്ഷന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ത്രിപുരയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കി സംസ്ഥാന ബി.ജെ.പി ഉപാദ്ധ്യക്ഷന്‍ സുഭല്‍ ബൗമിക് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. വെസ്റ്റ് ത്രിപുര മണ്ഡലത്തില്‍നിന്നുള്ള സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ഭൗമികിനെ മത്സരിപ്പിക്കുമെന്നാണു സൂചന.

ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രദ്യോത് കിഷോര്‍ മാണിക്യയുമായി കഴിഞ്ഞ ദിവസം ഭൗമിക് കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ സീറ്റ് നല്‍കാമെന്ന് ഭൗമികിന് പ്രദ്യോത് ഉറപ്പുനല്‍കി. ബിജെപിയുടെ ത്രിപുരയിലെ പ്രധാന സംഘാടകരില്‍ ഒരാളാണ് ഭൗമിക്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വന്‍ ജയത്തിന് ചുക്കാന്‍ പിടിച്ചത് മുന്‍ കോണ്‍ഗ്രസ് നേതാവു കൂടിയായ ഭൗമിക്കായിരുന്നു. അരുണാചല്‍ പ്രദേശിലെ ബിജെപി ജനറല്‍ സെക്രട്ടറി ജാര്‍പും ഗാംലിനും തേസ്പൂരില്‍നിന്നുള്ള എംഎല്‍എ ആര്‍.പി. സാംറയും അടുത്തിടെ ബിജെപിയില്‍നിന്നു രാജിവച്ചിരുന്നു. നാലു വര്‍ഷം മുമ്പാണ് ഭൗമിക് ബിജെപിയില്‍ ചേരുന്നത്.

നാളെ രാഹുല്‍ ഗാന്ധി ത്രിപുരയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നുണ്ട്. ഇവിടെ വെച്ച് സുഭല്‍ ബൗമികിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അനിവാര്യമായ സാഹചര്യത്തില്‍ ബി.ജെ.പി വിടുകയാണെന്ന് സുഭല്‍ ബൗമികിന്റെ രാജിക്കത്തില്‍ പറയുന്നു. താന്‍ ബി.ജെ.പിക്ക് ഭാരമായി എന്ന് തോന്നിയെന്നും അതിനാലാണ് രാജിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.