സ്ഥാനാർത്ഥി ശ്രീധരൻപിള്ളയാണോ, തോൽവി ഉറപ്പ്; പരീക്കര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുള്ള അമിത്ഷായുടെ ഫേസ്ബുക്ക് പേജിൽ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ

single-img
19 March 2019

ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയുടെ സ്ഥാനാർഥിത്വത്തിനെതിരെ  പ്രതിഷേധവുമായി ദേശീയ അധ്യക്ഷൻ അമിത് ഷാ യുടെ ഫേസ്ബുക്ക് പേജിൽ ബിജെപി പ്രവർത്തകർ.  ശ്രീധരന്‍ പിള്ളയെ പത്തനംതിട്ടയില്‍ ലോക്‌സഭാ സ്ഥാനാര്‍ഥിയാക്കിയാല്‍ തോല്‍വി ഉറപ്പാണ് എന്നിങ്ങനെയുള്ള കമന്റുകളാണ് അമിത് ഷായുടെ ഫേസ്ബുക്ക് പേജില്‍ നിറയുന്നത്.

പത്തനംതിട്ടയില്‍ കെ.സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവും ചിലർ ഉയർത്തുന്നുണ്ട്. പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയുള്ള ബിജെപിയിലെ തര്‍ക്കം മുറുകുന്നതിന് ഇടയിലാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധവുമായി എത്തുന്നത്.

ശബരിമല വിഷയത്തിലൂടെ പത്തനംതിട്ട ബിജെപിക്ക് അനുകൂലമാണ് എന്ന വിലയിരുത്തലിലാണ് പത്തനംതിട്ടയ്ക്കായി ബിജെപിക്കുള്ളില്‍ തര്‍ക്കം മുറുകുന്നത്.  എന്നാൽ സുരേന്ദ്രനായി വാദിക്കുന്ന ബിജെപി പ്രവര്‍ത്തകരെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകളും അമിത് ഷായുടെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ സ്ഥാനാര്‍ഥിയാവണം എന്ന നിലപാടില്‍ നിന്നും ശ്രീധരന്‍പിള്ള സ്വമേധയാ പിന്മാറണം എന്നാണ് സുരേന്ദ്രനെ പിന്തുണയ്ക്കുന്ന ബിജെപി പ്രവർത്തകരുടെ ആവശ്യം. അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുള്ള അമിത് ഷായുടെ ഫേസ്ബുക്ക് പോസ്റ്റിനടിയിലും  ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.