അനുജന്‍ അനില്‍ അംബാനിയെ ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷിച്ച് മുകേഷ് അംബാനി

single-img
19 March 2019

സ്വീഡിഷ് ടെലികോം കമ്പനി എറിക്‌സണ് കൊടുക്കേണ്ട 462 കോടി രൂപ റിലയന്‍സ് കമ്യൂണിക്കേഷന്‍ ചെയര്‍മാന്‍ അനില്‍ അംബാനി അടച്ചു. സുപ്രീംകോടതി വിധിപ്രകാരമാണ് പണമടച്ചത്. ചൊവ്വാഴ്ച്ചയ്ക്ക് മുമ്പ് പണമടയ്ക്കാനായിരുന്നു സുപ്രീംകോടതി ഉത്തരവ്. പണമടയ്ക്കാത്തപക്ഷം മൂന്ന് മാസത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമായിരുന്നു.

സുപ്രീം കോടതിയില്‍ കെട്ടിവയ്ക്കാനായി മുകേഷ് അംബാനിയാണ് അനുജന്‍ അനില്‍ അംബാനിക്ക് പണം നല്‍കിയത്. പണം കെട്ടിവയ്ക്കാന്‍ സുപ്രീം കോടതി അനുവദിച്ച സമയം തീരാന്‍ ഒരുദിവസം ബാക്കി നില്‍ക്കെയാണ് അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യുണിക്കേഷന്‍ പണം അടച്ചത്.

പണം അടച്ചതായി റിലയന്‍സ് കമ്യുണക്കേഷന്‍ വ്യക്തമാക്കിയതിന് പിന്നാലെ സഹോദരന്‍ മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കും നന്ദിപറഞ്ഞ് അനില്‍ അംബാനി പ്രസ്താവനയിറക്കി. വിഷമഘട്ടത്തില്‍ ഒപ്പം നിന്നതിന് താനും കുടുംബവും ഹൃദയം നിറഞ്ഞ നന്ദി പറയുന്നുവെന്നായിരുന്നു അനില്‍ അംബാനിയുടെ പ്രസ്താവന.

എറിക്‌സണ്‍ കമ്പനിക്ക് നല്‍കാനുള്ള 453 കോടി രൂപ കുടിശിക സഹിതം തിരിച്ച് അടയ്ക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സുപ്രീംകോടതി വിധിച്ചിരുന്നു. എറിക്‌സന്‍ കമ്പനിക്ക് നല്‍കാനുള്ള 550 കോടി രൂപ നല്‍കാനുള്ള ഉത്തരവ് അനുസരിക്കാത്തതിനായിരുന്നു നടപടി. മൊത്തം നല്‍കാനുള്ള 571 കോടി രൂപയില്‍ 118 കോടി രൂപ ആര്‍കോം ഇതിനകം നല്‍കിയിരുന്നു.