ഡിഷ് ടിവിയെ എയര്‍ടെല്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു : ലയനം നടന്നാല്‍ ലോകത്തെ ഏറ്റവും വലിയ ഡിടിഎച്ച് സേവന ദാതാക്കളായി എയര്‍ടെല്‍ മാറും

single-img
19 March 2019

ഇന്ത്യയിലെ മുന്‍നിര കേബിള്‍ വിതരണ ശൃംഘലയായ ഡിഷ് ടിവി എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിയില്‍ ലയിക്കാനൊരുങ്ങുന്നതായി ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇരു കമ്പനികളും തമ്മിലുള്ള ലയന നടപടികള്‍ പൂര്‍ത്തിയായാല്‍ ലോകത്തെ ഏറ്റവും വലിയ ഡിടിഎച്ച് സേവന ദാതാവായി എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി മാറും. നേതൃ തലത്തില്‍ ലയന നടപടികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം.

ലയനം വിജയിച്ചാല്‍ പുതിയ കമ്പനിക്ക് 3.8 കോടി ഉപഭോക്താക്കളുണ്ടാകും. രാജ്യത്തെ ഡിടിഎച്ച് വിപണിയില്‍ പുതിയ കമ്പനിക്ക് 61 ശതമാനം വിപണി വിഹിതമുണ്ടാകും. കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ ആണെങ്കിലും ലയന വാര്‍ത്തകളുമായി ബന്ധപ്പെട്ട് എയര്‍ടെല്ലും ഡിഷ് ടിവിയും ഇതുവരെ ഔദ്യോഗികമായി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.

ടെലികോം റെഗുലേറ്ററി അധോരിറ്റിയുടെ കണക്കുകള്‍ പ്രകാരം നിലവില്‍ ഡിഷ് ടിവിയ്ക്കും വീഡിയോ കോണിനും സംയുക്തമായി 37 ശതമാനം വിപണി വിഹിതമാണുളളത്. ശേഷം ടാറ്റാ സ്കൈക്കാണ് വിപണി വിഹിതത്തില്‍ രണ്ടാം സ്ഥാനം. കമ്പോളത്തില്‍ 27 ശതമാനമാണ് ടാറ്റാ സ്കൈയുടെ വിപണി വിഹിതം. എയര്‍ടെല്ലിനകട്ടെ 24 ശതമാനം വിപണി വിഹിതമാണ് ഉള്ളത്.