മകന്റെ വിവാദ പോസ്റ്റുകള്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ തിരിഞ്ഞു കൊത്തുന്നു; വോട്ട് ചോദിക്കാന്‍ ഇറങ്ങാതെ പ്രവര്‍ത്തകരും; കാസര്‍കോട് കിട്ടില്ലെന്ന് വിലയിരുത്തല്‍

single-img
18 March 2019

പൊതുവേ ശാന്തനായ സുബ്ബയ്യറൈയുടെ പേരാണ് അവസാന നിമിഷം വരെ കാസര്‍കോട്ടെ സ്ഥാനാര്‍ഥിയായി കേട്ടിരുന്നത്. എന്നാല്‍ ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ പട്ടിക പുറത്ത് വന്നപ്പോള്‍ ഇടത് കോട്ട പിടിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ചത് രാജ്‌മോഹന്‍ ഉണ്ണിത്താനെ.

അപ്രതീക്ഷിതമായി ഉണ്ണിത്താനെ തിരഞ്ഞെടുത്തതോടെ കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍ പോലും അമ്പരന്നു. രാത്രി വൈകിയാണു പ്രഖ്യാപനം വന്നതെങ്കിലും വലിയ രീതിയിലുള്ള പ്രതിഷേധമാണ് നേതാക്കള്‍ക്കിടയില്‍ ഉണ്ടായത്. ഒരു വിഭാഗം ജില്ലാ നേതാക്കള്‍ രാജി ഭീഷണി ഉയര്‍ത്തി. ഇതിനുപിന്നാലെ 18 പേര്‍ ഭാരവാഹിത്വം രാജി വയ്ക്കുമെന്ന് ഡിസിസി സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ വ്യക്തമാക്കുകയും ചെയ്തു. ഇതോടെ നേതൃത്വം ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചു. രാജ്‌മോഹന് പിന്തുണ നല്‍കാന്‍ ജില്ലാ നേതൃത്വം തയ്യാറായി.

ഇതിനിടയിലാണ് ഉണ്ണിത്താനു ഭീഷണിയായി മകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ചിലര്‍ കുത്തിപ്പൊക്കിയത്. മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മാത്രമല്ല ഹിന്ദുക്കള്‍ക്കും ഈ നാട്ടില്‍ ജീവിക്കണം എന്ന് തുടങ്ങിയുള്ള, അമല്‍ ഉണ്ണിത്താന്റെ പഴയ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പെട്ടെന്നുതന്ന വീണ്ടും വൈറലായി. ഇതോടെ ഉണ്ണിത്താനൊപ്പമുള്ള അണികളും വെട്ടിലായി.

സ്ഥാനാര്‍ത്ഥിയുടെ മകന്റെ വര്‍ഗീയത പരത്തുന്ന രീതിയിലുള്ള പോസ്റ്റുകള്‍ കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന് ഒരു വിഭാഗം ജില്ലാ നേതൃത്വത്തോട് പരാതിപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. സ്വന്തം മകന്റെ ബിജെപി അനുകൂല നിലപാട് തിരുത്താന്‍ കഴിയാത്ത സ്ഥാനാര്‍ത്ഥി ബിജെപിക്ക് വേരോട്ടമുള്ള മണ്ഡലത്തില്‍ എങ്ങനെ ബിജെപിയെ എതിര്‍ത്ത് വോട്ട് ചോദിക്കുമെന്ന് അണികള്‍ ചോദിക്കുന്നു.

ഇതോടെ ഉണ്ണിത്താനൊപ്പം വോട്ട് ചോദിച്ച് വോട്ടര്‍മാരെ കാണാന്‍ പല നേതാക്കളും മടി കാണിക്കുകയാണ്. നിസാര കാരണങ്ങള്‍ പറഞ്ഞ് പല ലോക്കല്‍ നേതാക്കളും വോട്ട് ചോദിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്നാണ് വിവരം. ഉണ്ണിത്താന് മണ്ഡലത്തില്‍ കനത്ത തിരിച്ചടി ഉണ്ടാകും എന്നു തന്നെയാണ് ഇവര്‍ പറയുന്നത്.

ലോക്‌സഭയിലേക്കു കന്നിമല്‍സരമാണ് ഉണ്ണിത്താന്റേത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 2006ല്‍ തലശ്ശേരിയില്‍ കോടിയേരി ബാലകൃഷ്ണനെതിരെ മല്‍സരിച്ചു പരാജയപ്പെട്ടു. 10,055 വോട്ടുകള്‍ക്കാണ് അന്നു പരാജയപ്പെട്ടത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ ജെ.മേഴ്‌സിക്കുട്ടിയമ്മയോടു പരാജയപ്പെട്ടു; 30,460 വോട്ടുകള്‍ക്ക്. നിലവില്‍ കെപിസിസി വക്താവും എഐസിസി അംഗവുമാണ്.

മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മാത്രമല്ല ഹിന്ദുക്കള്‍ക്കും ഈ നാട്ടില്‍ ജീവിക്കണം എന്നായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിനു കമന്റ് ഇട്ടവര്‍ക്ക് തികച്ചും മോശമായ ഭാഷയിലാണ് അമല്‍ മറുപടി നല്‍കിയത്. പോസ്റ്റിനു കമന്റ് ഇട്ട മുസ്ലീം നാമങ്ങള്‍ ഉള്ളവര്‍ക്ക് ജിഹാദി എന്നുവിളിച്ചാണ് അമല്‍ ഉണ്ണിത്താന്‍ സംസാരിക്കുന്നതുതന്നെ. ഏതാനും ചില കമന്റുകള്‍ ഇയാള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

രാഹുല്‍ ഗാന്ധിയുടെ ചിത്രത്തോടൊപ്പം ‘കര്‍ണ്ണാടക മുഴുവന്‍ ബിജെപിയെ ജയിപ്പിച്ചതിന്റെ അഹങ്കാരം വല്ലതുമുണ്ടോ’ എന്ന കമന്റോടെയായിരുന്നു അമല്‍ ഉണ്ണിത്താന്റെ മറ്റൊരു പോസ്റ്റ്. വിവാദമായതോടെ ആ പോസ്റ്റ് ഡിലീറ്റ് ചെയ്ത ശേഷം വീണ്ടും പോസ്റ്റിട്ടു. ബിജെപിയുടെ പതാകയുടെ പശ്ചാത്തലത്തിലുള്ള കാവിപ്പടയുടെ ചിത്രത്തിനു മുകളില്‍ ‘എന്റെ വോട്ട് ബിജെപിക്ക് അഛന്റെ വോട്ട് കോണ്‍ഗ്രസിന്’ എന്ന കമന്റോടെ.

അതിനിടെ പുതിയ വിശദീകരണവുമായി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അമല്‍ വീണ്ടും രംഗത്തെത്തി. അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തെന്നും തന്റെ പ്രൊഫൈലില്‍ നിന്നുള്ള പോസ്റ്റുകള്‍ കണ്ടയുടന്‍ താന്‍ അതു ഡിലീറ്റു ചെയ്‌തെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. വോട്ടവകാശം പോലുമില്ലാത്ത താന്‍ ആര്‍ക്കാണ് വോട്ടുചെയ്യേണ്ടതെന്നു ചോദിച്ച അദ്ദേഹം അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും ആരെങ്കിലും അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ ആരും കല്ലെറിയരുതെന്നും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ 2016 ല്‍ നരേന്ദ്രമോദിയെ അനുകൂലിച്ച് അമല്‍ പോസ്റ്റിട്ടുണ്ടായിരുന്നു. ഈ പോസ്റ്റ് ഇടുന്ന സമയത്തും എക്കൗണ്ട് ഹാക്ക് ചെയ്തിരുന്നോ എന്ന് അമലിനോട് ആളുകള്‍ ചോദിക്കുന്നുണ്ട്. അന്നത്തെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ആളുകള്‍ ചോദ്യമുന്നയിക്കുന്നത്.

കേരളത്തെ അപമാനിച്ച അര്‍ണബ് ഗോസ്വാമിയെ അനുകൂലിച്ചും അമല്‍ ഉണ്ണിത്താന്‍ രംഗത്ത് വന്നിരുന്നു. അര്‍ണബ് ഉന്നം വെച്ചത് 700 കോടി രൂപയുടെ സംബന്ധമായ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവരെ ആണെന്നും അര്‍ണബ് അപമാനിച്ച മലയാളികളില്‍ ഈ ഞാനില്ലന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ കുറിച്ചിരുന്നു.

മുന്‍പ് മറ്റൊരു പോസ്റ്റില്‍ തന്റെ വോട്ട് ബി.ജെ.പി.ക്കാണെന്ന് അമല്‍ വ്യക്തമാക്കിയിരുന്നു.