യു.എ.ഇയിലും സ്വദേശിവത്കരണത്തിന്റെ തോത് കൂട്ടുന്നു; പ്രവാസികളെ ബാധിക്കുമോയെന്ന് ആശങ്ക

single-img
18 March 2019

സ്വദേശിവത്കരണത്തിന്റെ തോത് കൂട്ടുന്നതിന്റെ ഭാഗമായി ഈ വര്‍ഷം മുപ്പതിനായിരം സ്വദേശി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് യു.എ.ഇ. മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം. നേരിട്ടുള്ള നിയമനത്തിലൂടെ സ്വദേശിവത്കരണ പദ്ധതികള്‍ ശക്തിപ്പെടുത്തുമെന്ന് മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹംലി പറഞ്ഞു.

വ്യോമയാനം, ഗതാഗതം, റിയല്‍ എസ്റ്റേറ്റ്, ബാങ്കിങ്ങ്, ഇന്‍ഷുറന്‍സ്, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലായിരിക്കും സ്വദേശികള്‍ക്ക് ജോലി നല്‍കുന്നത്. 2031 ആകുമ്പോഴേക്കും യു.എ.ഇ.യുടെ തൊഴില്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും നാസര്‍ ബിന്‍ താനി അല്‍ ഹംലി പറഞ്ഞു.

സ്വദേശിവത്കരണം നടപ്പാക്കുന്നതിന് നാല് പദ്ധതികളാണ് സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ളത്. ഇതുപ്രകാരമാണ് ഈ വര്‍ഷം മുപ്പതിനായിരം പേര്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം സ്വദേശികള്‍ക്കുവേണ്ടി 20,225 തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്. 2017ല്‍ ഇത് കേവലം 6,862 മാത്രമായിരുന്നു. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണ് ഈ നടപടികള്‍.