തൃശൂര്‍ പിടിക്കാന്‍ ഉറച്ച് തുഷാര്‍ വെള്ളാപ്പള്ളി; ബി.ഡി.ജെ.എസിന് അഞ്ച് സീറ്റുകള്‍

single-img
18 March 2019

മനോഹര്‍ പരീക്കറുടെ നിര്യാണത്തെ തുടര്‍ന്ന് ഡെല്‍ഹിയിലെ ചര്‍ച്ചകള്‍ മുടങ്ങിയതോടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അന്തിമ തീരുമാനം എടുക്കുന്നത് നാളത്തേക്ക് മാറ്റി. ഇഷ്ടപ്പെട്ട മണ്ഡലത്തിന് വേണ്ടി തര്‍ക്കിക്കുന്ന നേതാക്കള്‍, ഒടുവില്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം. തൃശൂരില്‍ തുഷാര്‍ വെള്ളാപ്പളളിയുടെ കാര്യത്തില്‍ തീരുമാനം ആയതോടെ മറ്റു മണ്ഡലങ്ങളിലെ ബിഡിജെഎസ് സ്ഥാനാര്‍ഥികളുടെ പട്ടികയും തയ്യറായി.

നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. തൃശൂര്‍, വയനാട്, ഇടുക്കി സംവരണ മണ്ഡലങ്ങളായ മാവേലിക്കര, ആലത്തൂര്‍ എന്നിവയാണ് ബി.ഡി.ജെ.എസിന് നല്‍കിയിരിക്കുന്നത്. ആലത്തൂരില്‍ കെ.പി.എം.എസ് നേതാവ് ടി.വി. ബാബുവും മാവേലിക്കരയില്‍ തഴവ സഹദേവനും മത്സരിക്കും. ഇടുക്കിയില്‍ ബിജു കൃഷ്ണനേയും വയനാട്ടില്‍ ആന്റോ അഗസ്റ്റിനെയുമാണ് ബി.ഡി.ജെ.എസ് ഇറക്കുന്നത്.

എസ്.എന്‍.ഡി.പി ഭാരവാഹിത്വം രാജിവയ്ക്കാതെയാകും തുഷാര്‍ ജനവിധി തേടുക. അതേസമയം, ചുമതലകള്‍ രാജിവച്ച ശേഷമേ എസ്.എന്‍.ഡി.പി ഭാരവാഹികള്‍ മത്സരിക്കാവൂ എന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയിരുന്നു. ഈ നിലപാടില്‍ത്തന്നെ ഉറച്ചുനില്‍ക്കുകയാണ് എസ്.എന്‍.ഡി.പി യോഗം.